ഓപ്പറേഷന്‍ സിന്ദൂറിലും തുടര്‍ന്നുണ്ടായ പാകിസ്ഥാന്‍ ആക്രമണങ്ങളിലും വ്യോമസേനയ്ക്ക് എത്ര വിമാനങ്ങള്‍ നഷ്ടമായെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ ആക്രമണം നടത്തുന്നതായി പാകിസ്ഥാനെ അറിയിച്ചത് കുറ്റകാരമാണെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ പോസ്റ്റില്‍ കുറിച്ചു. ഇന്ത്യന്‍ ആക്രമണത്തിന് മുമ്പ് തീവ്രവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നതിനെക്കുറിച്ച് ഇന്ത്യ പാകിസ്ഥാനെ അറിയിച്ചിരുന്നുവെന്ന വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രസ്താവനയുടെ വിഡിയോ പങ്കിട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്. ഇന്ത്യയുടെ ആക്രമണം മുന്‍കൂട്ടി അറിയിച്ചതിന്റെ ഫലമായി ഇന്ത്യന്‍ വ്യോമസേനയ്ക്ക് എത്ര വിമാനങ്ങള്‍ നഷ്ടമായെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
‘ഇന്ത്യ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ മാത്രമാണ് ആക്രമിക്കുന്നതെന്ന് ആക്രമണത്തിന് മുമ്പ് പാകിസ്ഥാനെ അറിയിച്ചിരുന്നു. സൈന്യത്തിന് നേരെ ആക്രമണം നടത്തുന്നില്ല, സൈന്യത്തിന് സ്ഥലത്ത് നിന്ന് പിന്‍വാങ്ങാം. എന്നും മുന്‍കൂട്ടി അറിയിച്ചിരുന്നു’ എന്ന വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വാര്‍ത്താ ഏജന്‍സികളോട് പറയുന്ന വിഡിയോയാണ് രാഹുല്‍ ഗാന്ധി എക്‌സില്‍ പോസ്റ്റ് ചെയ്തത്. ഇത് കുറ്റകരമാണ്,ആരാണ് ഇതിന് അനുമതി നല്‍കിയത്? എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
എന്നാൽ ഭീകര കേന്ദ്രങ്ങളെല്ലാം തകർത്ത ശേഷമാണ് സൈനിക നീക്കമല്ലെന്ന മുന്നറിയിപ്പ് പാകിസ്ഥാന് നൽകിയതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളും വിശദീകരിക്കുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിനു മുന്‍പ് ഇന്ത്യ പാകിസ്ഥാനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്ന് ജയശങ്കര്‍ പറഞ്ഞതായുള്ള വാര്‍ത്ത പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും നിഷേധിച്ചു. വിദേശകാര്യ മന്ത്രി അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും അദ്ദേഹത്തെ തെറ്റായി ഉദ്ധരിക്കുകയായിരുന്നുവെന്നുമാണ് പിഐബിയുടെ ഫാക്ട് ചെക്ക് യൂണിറ്റ് അറിയിച്ചിരിക്കുന്നത്.
STORY HIGHLIGHTS : rahul-gandhi-sought-to-know-how-many-aircraft-lose-the-iaf