വാഷിംങ്ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായിവ്ലാദിമിർ പുടിനോടും വ്ലാദിമിർ സെലൻസ്കിയോടു തിങ്കളാഴ്ച സംസാരിക്കുമെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ശനിയാഴ്ചാണ് ട്രംപ് ഇക്കാര്യം വിശദമാക്കിയത്. ട്രംപിന്റെ ഔദ്യോഗിക ട്രൂത്ത് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ശരാശരി 5000-ത്തിലധികം റഷ്യൻ, യുക്രെയ്ൻ സൈനികരാണ് ആഴ്ചയിൽ കൊല്ലപ്പെടുന്നത്. ഈ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കുന്നതിനായാണ് പുടിനുമായി സംസാരിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. യുക്രെയ്ൻ പ്രസിഡന്‍റ് വ്ളാഡിമർ സെലന്‍സ്‌കിയോടും സംസാരിക്കുമെന്നും യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് കുറിച്ചു. നാറ്റോ നേതാക്കളുമായും സംസാരിക്കുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് പുടിനുമായും പിന്നാല സെലൻസ്കിയുമായും ഫോൺ സംഭാഷണം നടത്തുമെന്നാണ് ട്രംപ് വിശദമാക്കുന്നത്. വെടിനിർത്തൽ സംഭവിക്കട്ടെ. യുദ്ധം ഒരിക്കലും സംഭവിക്കേണ്ടതല്ല. അവസാനിക്കും, എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെയെന്നാണ് ട്രംപ് കുറിപ്പിൽ വിശദമാക്കുന്നത്.
മൂന്ന് വർഷത്തിനിടയിൽ റഷ്യയും യുക്രൈനും തമ്മിൽ മുഖാമുഖം നടത്തിയ ചർച്ച പരാജയപ്പെട്ടതിന് ഒരു ദിവസം പിന്നാലെയാണ് ട്രംപിന്റെ അറിയിപ്പ് എത്തുന്നത്. ഇസ്താബൂളിൽ വച്ച് നടന്ന സമാധാന ചർച്ചകളുടെ ഫലത്തേക്കുറിച്ച് ട്രംപ് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. ദുർബലവും തയ്യാറെടുപ്പുമില്ലാതെ നടന്ന ചർച്ചയെന്നാണ് ഇസ്താബൂൾ ചർച്ചയെ സെലൻസ്കി നിരീക്ഷിച്ചത്. സമാധാന ചർച്ചയിൽ മോസ്കോയ്ക്ക് താൽപര്യമില്ലെന്നും സെലൻസ്കി കുറ്റപ്പെടുത്തിയിരുന്നു. കൊലപാതകം തടയാനുള്ള സമ്മർദ്ദമാണ് റഷ്യയ്ക്ക് മേൽ വരണ്ടതെന്നും സെലൻസ്കി വിശദമാക്കിയരുന്നു.