Kerala

തടസം നീങ്ങുന്നു; മെസി കേരളത്തിലേക്ക് എത്തും | Lionel Messi visit to Kerala

കരാര്‍ പ്രകാരം തുടര്‍നടപടികളുമായി മുന്നോട്ട് പോകാന്‍ റിപ്പോര്‍ട്ടറിന് എഎഫ്എ അനുമതി നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം

കേരളത്തിലെ മുഴുവൻ കായിക പ്രേമികളും ഉറങ്ങാതെ കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരിക്കുകയാണ് ഫുട്ബോളിന്റെ മിശിഹായെയും സംഘത്തെയും വരവേൽക്കാൻ. വരുന്നു വരുന്നു എന്ന് പറ‍ഞ്ഞ് തുടങ്ങി ആരംഭിച്ച പറച്ചിൽ വരുന്നില്ല എന്നതിൽ എത്തി നിൽക്കുകയാണ്.

എന്തെങ്കിലും സ്ഥിരീകരണം വരവ് സംബന്ധിച്ച് ഉണ്ടോ എന്നുള്ളതാണ് എല്ലാവർക്കും അറിയേണ്ടത്. കായിക വകുപ്പും റിപ്പോർട്ടർ ​ഗ്രൂപ്പും ചേർന്നൊരുക്കുന്ന പരിപാടിയിൽ ഇപ്പോഴിതാ ഔദ്യോ​ഗിക സ്ഥിരീകരണം വന്നിരിക്കുകയാണ്. സ്പോൺസർ ​ഗ്രൂപ്പായ റിപ്പോർട്ടറാണ് ഇക്കാര്യം അറിയിച്ച് രം​ഗത്ത് വന്നിരിക്കുന്നത്.

മെസിയും സംഘവും കേരളത്തില്‍ എത്തും. ഇത് സംബന്ധിച്ച് ഒഴാഴ്ചയ്ക്കകം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും. കരാര്‍ പ്രകാരം തുടര്‍നടപടികളുമായി മുന്നോട്ട് പോകാന്‍ റിപ്പോര്‍ട്ടറിന് എഎഫ്എ അനുമതി നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ നിലവിൽ ഉന്നയിക്കപ്പെട്ട ആശങ്കകൾ നീങ്ങുമെന്നാണ് നി​ഗമനം.

സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍, ആര്‍ബിഐ, വിദേശ കാര്യമന്ത്രാലയം, ധനമന്ത്രാലയം എന്നിവരുടെ അനുമതി ഇതിനകം ലഭിച്ചു. നിലവിലെ നടപടികള്‍ കഴിഞ്ഞ ശേഷമായിരിക്കും പണം അടക്കേണ്ട തിയ്യതി നിര്‍ദേശിക്കുകയെന്നും റിപ്പോർട്ടർ ​ഗ്രൂപ്പ് വ്യക്തമാക്കുന്നത്.

content highlight: Lionel Messi visit to Kerala