ഉച്ചയ്ക്ക് ഊണിന് ഒരു വെറൈറ്റി തീയൽ ഉണ്ടാക്കിയാലോ? എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു മുട്ട തീയൽ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- മുട്ട – 3 എണ്ണം പുഴുങ്ങി തോട് കളഞ്ഞു ഓരോ മുട്ടയും 8 ആയി ചെറുതായി മുറിക്കുക
- 1. തേങ്ങ തിരുമ്മിയത് – 1/2 മുറി തിരുമ്മിയത്
- കൊച്ചുള്ളി – 3 എണ്ണം
- വെളുത്തുള്ളി – 4 ചെറിയ അല്ലി (വലിയ ഉള്ളി എങ്കിൽ ഒന്നിന്റെ പകുതി എടുത്തു നാലായി മുറിച്ചെടുക്കുക)
- പെരും ജീരകം – 1 ടി സ്പൂണ്‍
- കുരുമുളക് – 10 മണികൾ
- കറിവേപ്പില – 5 – 6 ഇതൾ
മേൽ പറഞ്ഞവ ഒരു ചീനച്ചട്ടിയിൽ കരിയാതെ ഗോള്ടെൻ ബ്രൌണ്‍ നിറത്തിൽ മൂപ്പിക്കുക. ശേഷം താഴെ പറഞ്ഞവ ചേർത്ത് പൊടികളുടെ പച്ച മണം മാറുന്ന വരെ ചെറു തീയിൽ മൂപ്പിച്ചു അടുപ്പിൽ നിന്ന് ഇറക്കി ഒരു പരന്ന പാത്രത്തിൽ നിരത്തി ചൂടാറിയ ശേഷം മയമായി വെള്ളം തൊടാതെ അരച്ച് ഉരുട്ടി എടുക്കുക (ചട്ണി ജാറിൽ ഇട്ടു അരക്കുക, വെള്ളം ചെര്കാതെ പൊടിച്ചെടുക്കുക)
- മല്ലി പൊടി – 1 ടി സ്പൂണ്‍
- മുളക് പൊടി – 1 ടി സ്പൂണ്‍
- മഞ്ഞൾ പൊടി – 1 / 4 ടി സ്പൂണ്‍
- 2. കൊച്ചുള്ളി – 15 എണ്ണം (അല്ലെങ്കിൽ ഒരു ചെറിയ സവാള കൊച്ചുല്ലിയെ മനസ്സില് ധ്യാനിച്ച് ചെറുതായി മുറിച്ചെടുക്കുക)
- പച്ചമുളക് – 3 എണ്ണം അറ്റം പിളർന്നത്
- ഇഞ്ചി – 1/2 ടി സ്പൂണ്‍ (കൊത്തിയരിഞ്ഞത്)
- വെളുത്തുള്ളി – 1/2 ടി സ്പൂണ്‍ (കൊത്തിയരിഞ്ഞത്)
- ഉപ്പു – ആവശ്യത്തിനു
- കറിവേപ്പില – 2 കതിർ
- 3. തക്കാളി – 1 ചെറിയത്
- വെളിച്ചെണ്ണ – 2 ടേബിൾ സ്പൂണ്‍
- കടുക് – 1/ 2 ടി സ്പൂണ്‍
- ഗരം മസാല – 1/ 2 ടി സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയിൽ (അല്ലെങ്കിൽ കറി വെക്കാൻ ഉദ്ദേശിക്കുന്ന പാത്രത്തിൽ) എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം മൂന്നാമത്തെ ചേരുവയും ആവശ്യത്തിനു ഉപ്പും ചേർത്ത് വഴറ്റുക. ഇവ വഴന്നു കഴിഞ്ഞാൽ അരപ്പ് ചേർത്ത് എണ്ണ തെളിയുന്ന വരെ വഴറ്റുക. ഇനി ഇതിലേക്ക് തക്കാളി ചേർക്കാം. ആവശ്യത്തിനു ചാറിനുള്ള വെള്ളം മാത്രം ചേർത്ത് കറി തിളച്ചു എണ്ണ തെളിയുമ്പോൾ 1/2 ടി സ്പൂണ്‍ ഗരം മസാല ചേർത്ത് ഇളക്കി മുറിച്ചു വെച്ച മുട്ട കഷണങ്ങൾ ചേർത്ത് അടുപ്പിൽ നിന്നും ഇറക്കാം.
















