കോഴിക്കോട്: താമരശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ട് കുടുംബം ബാലാവകാശ കമ്മീഷനെ സമീപിച്ചു. കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പത്താം ക്ലാസ്സ് പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടതിന് പിന്നാലെയാണ് ഷഹബാസിന്റെ കുടുംബം പരാതി നൽകിയത്.
ജുവനൈൽ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിൽ വെച്ചായിരുന്നു വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത്. കുറ്റാരോപിതരായ വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കാൻ അനുവദിക്കില്ലെന്ന് ആരോപിച്ച് കെഎസ്‌യുവും എംഎസ്എഫും രംഗത്ത് വന്നിരുന്നു. പിന്നീട് വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റുകയും ജുവനൈൽ ഹോമിൽ പരീക്ഷയ്ക്കുള്ള സജ്ജീകരണം ഒരുക്കുകയുമായിരുന്നു.
ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. തുടർന്ന് ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ഷഹബാസിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിക്കുകയായിരുന്നു. തലച്ചോറിൽ 70 %ക്ഷതമേറ്റതിനാൽ വീട്ടിലേറ്ററിന്റെ സഹായത്തോടെയായിരുന്നു വിദ്യാർത്ഥി ജീവൻ നിലനിർത്തിയിരുന്നത്. പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.