ന്യൂയോർക്ക്: മെക്സിക്കൻ നാവികസേനയുടെ കപ്പൽ ന്യൂയോർക്ക് നഗരത്തിലെ ബ്രൂക്ലിൻ പാലത്തിൽ ഇടിച്ചുകയറി അപകടം. പരിശീലന കപ്പൽ ഇടിച്ചുകയറി രണ്ട് പേർ കൊല്ലപ്പെട്ടു. 22 പേർക്ക് പരിക്കേറ്റു. പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് മെക്സിക്കൻ നാവികസേന അറിയിച്ചു. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.
അപകടം നടക്കുന്ന സമയത്ത് 277 പേർ കപ്പലിലുണ്ടായിരുന്നു. കപ്പലിലെ എല്ലാ ജീവനക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ന്യൂയോർക്ക് കോസ്റ്റ് ഗാർഡ് പ്രസ്താവനയിൽ പറഞ്ഞു. പാലത്തിന്റെ അടിഭാഗത്ത് ഇടിച്ചപ്പോൾ ‘കുവാട്ടെമോക്’ എന്ന കപ്പലിന്റെ ഉയരമുള്ള കൊടിമരങ്ങൾ ഒടിഞ്ഞുവീഴുകയായിരുന്നു. സംഭവത്തിൽ മെക്സിക്കൻ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു. കപ്പലിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് മെക്സിക്കൻ നാവിക സേന വ്യക്തമാക്കി.
ബ്രൂക്ലിൻ പാലത്തിന് കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് മേയർ പറഞ്ഞു. എങ്കിലും ഗതാഗത വകുപ്പ് പാലത്തിന്റെ ഘടനാപരമായ നാശനഷ്ടങ്ങൾ വിലയിരുത്തിവരികയാണ്. അപകടത്തിൽ ആരും വെള്ളത്തിൽ വീണിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. പാലത്തിന്റെ എല്ലാ പാതകളും ഇരു ദിശകളിലേക്കും താൽക്കാലികമായി അടച്ചിട്ടതായാണ് റിപ്പോർട്ട്.
അതേസമയം, മെക്സിക്കൻ നാവികസേനയുടെ കണക്കനുസരിച്ച് 297 അടി നീളവും (91 മീറ്റർ) 40 അടി (12 മീറ്റർ) വീതിയുമുള്ള ഈ കപ്പൽ 1982 ലാണ് ആദ്യമായി യാത്ര ആരംഭിച്ചത്. ഓരോ വർഷവും നാവിക സൈനിക സ്കൂളിലെ ക്ലാസുകൾ അവസാനിക്കുമ്പോൾ കേഡറ്റുകളുടെ പരിശീലനം പൂർത്തിയാക്കാൻ ഇത് യാത്ര ആരംഭിക്കാറുണ്ട്.