കിടിലൻ സ്വാദിൽ ഒരു ഫ്രൂട്ട് സാലഡ് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ഫ്രൂട്ട് സാലഡ് റെസിപ്പി.
ആവശ്യമായ ചേരുവകൾ
- 1. റോബസ്റ്റ നന്നായി പഴുത്തത് – മൂന്ന്
- തണുത്ത പാൽ – ഒരു കപ്പ്
- 2. തേൻ – കാൽ കപ്പ്
- കുങ്കുമപ്പൂവ് – ഒരു നുള്ള്, രണ്ടു വലിയ സ്പൂൺ ചൂടുപാലിൽ കുതിർത്തത്
- 3. മുന്തിരി പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
- സ്ട്രോബെറി പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
- മാമ്പഴം പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
- റാസ്പ്ബെറി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
- ആപ്പിൾ പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
- ബദാം നുറുക്കിയത് – ഒരു വലിയ സ്പൂൺ
- പിസ്ത നുറുക്കിയത്, കശുവണ്ടിപ്പരിപ്പ് നുറുക്കിയത് – ഓരോ വലിയ സ്പൂൺ
- 4. വനില ഐസ്ക്രീം – ഒരു സ്കൂപ്പ്
- 5. മാതളനാരങ്ങ അല്ലികൾ – കാൽ കപ്പ്
തയ്യാറാക്കുന്ന വിധം
പാലും പഴവും നന്നായി അടിച്ചു യോജിപ്പിക്കുക. ഇതിലേക്കു തേനും കുങ്കുമപ്പൂവു കുതിർത്തതും ചേർത്തു നന്നായി ഇളക്കണം. ഇതിൽ മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കുക. വിളമ്പാനുള്ള ബൗളിലാക്കി ഒരു സ്കൂപ്പ് വനില ഐസ്ക്രീം വച്ച ശേഷം മുകളിൽ മാതളനാരങ്ങയുടെ അല്ലികൾ വച്ച് അലങ്കരിക്കാം.