തിരുവനന്തപുരം: മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേഷേധം ഫലം കണ്ടു. നാളെ മുതൽ മണൽ നീക്കാനുള്ള ഡ്രഡ്ജിങ്ങ് പുനരാരംഭിക്കാൻ തീരുമാനം. മെയ് 30 തോടെ മണൽനീക്കൽ പൂർത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് കളക്ടർ സമരസമിതിയെ അറിയിച്ചു.
ഡ്രഡ്ജിങ് ജോലികൾ നാളെ പുനരാരംഭിക്കുമ്പോൾ യാതൊരു ബുദ്ധിമുട്ടും സൃഷ്ടിക്കില്ലെന്നാണ് സമരസമിതി നൽകിയ ഉറപ്പ്. സാഹചര്യങ്ങൾ അനുകൂലമായാൽ മെയ് 30നുള്ളിൽ മണൽ നീക്കൽ ജോലികൾ പൂർത്തീകരിക്കാനാവും.
ചന്ദ്രഗിരി ഡ്രഡ്ജറിൻ്റെ സാങ്കേതിക തകരാർ ഉടൻ പരിഹരിക്കും. നിലവിൽ നാലു മണിക്കൂർ മാത്രമാണ് ചന്ദ്രഗിരി തുടർച്ചയായി പ്രവർത്തിപ്പിക്കാനാവുക. ഈ തകരാർ പരിഹരിക്കുന്നതുവരെ നാലു മണിക്കൂറിനു ശേഷം നിശ്ചിത ഇടവേള എടുത്തായിരിക്കും ജോലികൾ നടക്കുക. ഡ്രഡ്ജിങ്ങിന്റെ ആകെ പ്രവർത്തി സമയം വർദ്ധിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. ഡ്രഡ്ജിങ് ആരംഭിച്ചില്ലെങ്കിൽ കൂടുതൽ സമര പരിപാടികളിലേക്ക് നീങ്ങാനായിരുന്നു മത്സ്യത്തൊഴിലാളികളുടെ തീരുമാനം.
അതേസമയം, കഴിഞ്ഞ ദിവസം തുടർച്ചയായ മൂന്ന് ദിവസങ്ങളിലായി മണൽനീക്കം മുടങ്ങിയതിനെത്തുടർന്നാണ് മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികൾ സമരത്തിനിറങ്ങിയത്. അധികൃതർ നൽകുന്ന വാക്ക് പാലിക്കുന്നില്ലെന്നും ഉദ്യോഗസ്ഥരുടെ ധാർഷ്ട്യമാണ് നടക്കുന്നതെന്നുമായിരുന്നു സമരസമിതിയുടെ വിമർശനം .