Kerala

വടകരയിൽ കാറും വാനും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

വടകര: വടകരയിൽ കാറും വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സത്യനാഥൻ ചോറോട് മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 5 ആയി. മാഹി പുന്നോൽ സ്വദേശി പ്രഭാകരന്റെ ഭാര്യ റോജ, പുന്നോൽ സ്വദേശി രവീന്ദ്രന്റെ ഭാര്യ ജയവല്ലി, മാഹി സ്വദേശി ഹിഗിൻലാൽ, അഴിയൂർ പാറമ്മൽ രഞ്ജി എന്നിവർ അപകടം നടന്ന ദിവസം തന്നെ മരിച്ചിരുന്നു. കാറിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്.

ദേശീയപാതയിൽ മൂരാട് പാലത്തിനു സമീപം മേയ് 11ന് വൈകിട്ട് മൂന്നേകാലോടെയാണ് അപകടമുണ്ടായത്. വടകര ഭാഗത്തേക്കു വന്ന കർണാടക റജിസ്ട്രേഷൻ വാനും പയ്യോളി ഭാഗത്തേക്കു പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മുൻഭാഗം പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ ഇവരെ വടകര സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Latest News