പലരെയും ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് തലവേദന. പെട്ടെന്നുണ്ടാകുന്ന തലവേദന അസ്വസ്ഥത ഉളവാക്കുന്ന ഒന്നാണ്. ചിലർ വേദന അകറ്റാനായി മരുന്നുകളെ ആശ്രയിക്കാറുണ്ട്. മറ്റു ചിലരാകട്ടെ, തലവേദന അകറ്റാനായി ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കുന്നു.
കഫീൻ പ്രേമികൾക്ക് ഈ രണ്ട് പാനീയങ്ങളും ആശ്വാസം നൽകുന്നതായി തോന്നിയേക്കാം. എന്നാൽ, യഥാർത്ഥത്തിൽ ചായയോ കാപ്പിയോ കുടിച്ചാൽ തലവേദന മാറുമോ? അതോ കൂടുതൽ വഷളാകുമോ?.
കഫീൻ താൽക്കാലിക ആശ്വാസം നൽകുന്നു. എന്നാൽ, ദീർഘകാലാടിസ്ഥാനത്തിൽ തലവേദന കൂടുതൽ വഷളാക്കും. സമ്മർദ്ദം, ഉത്കണ്ഠ, നിർജ്ജലീകരണം അല്ലെങ്കിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ പോലുള്ള വിവിധ ഘടകങ്ങൾ തലവേദനയ്ക്ക് കാരണമാകാറുണ്ട്.
തലവേദന നിർജലീകരണം മൂലമാണെങ്കിൽ, ചായയോ കാപ്പിയോ കുടിക്കുന്നത് കൂടുതൽ വഷളാക്കും, കാരണം കഫീന് നിർജ്ജലീകരണ ഇഫക്ടുണ്ട്. അങ്ങനെയെങ്കിൽ, പെട്ടെന്ന് ഊർജവും ആശ്വാസവും അനുഭവപ്പെടുമെങ്കിലും, ആ തലവേദന തിരിച്ചുവരാൻ അധികം സമയമെടുക്കില്ല.
തലവേദന ഒഴിവാക്കാൻ, ചായയ്ക്കും കാപ്പിക്കും പകരം മറ്റ് മാർഗങ്ങൾ പരിഗണിക്കാവുന്നതാണ്. ധാരാളം വെള്ളമോ മറ്റ് ദ്രാവകങ്ങളോ കുടിക്കുക. ജിഞ്ചർ ടീ, ഗ്രീൻ ടീ പോലുള്ള മാർഗങ്ങൾ പരീക്ഷിക്കുക. ഒരു ചെറിയ കഷണം ഡാർക്ക് ചോക്ലേറ്റ് തലവേദന ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിച്ചേക്കാം. തലവേദന അസഹനീയമാണെങ്കിൽ ഒരു ആരോഗ്യ വിദഗ്‌ധനെ സമീപിക്കുക.