രാഷ്ട്രീയ പ്രതിയോഗികളെ പീഡിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സിയാണ് ഇഡിയെന്നും അതിലെ ഉദ്യോഗസ്ഥനെതിരായ കൈക്കൂലി ആരോപണത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസിലൂടെ വേലി തന്നെ വിളവ് തിന്നുവെന്നും ബോധ്യമായി. ഇത് ചങ്ങലക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണ്.കേന്ദ്രസര്‍ക്കാര്‍ അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് ഇഡിയെ ഉപയോഗിക്കുന്നത്. ഈ സ്വാതന്ത്ര്യം ഇഡി ദുരുപയോഗം ചെയ്യുന്നുവെന്നും നിഷ്പക്ഷ അന്വേഷണത്തിലൂടെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
വനംവകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. വനംമന്ത്രി രാജിവെയ്ക്കണം.വന്യജീവി ആക്രമണത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയും പണവും അനുവദിക്കുന്നില്ല. യുഡിഎഫ് നയിച്ച മലയോര ജാഥയില്‍ വനമേഖലയിലെ ജനങ്ങളുടെ പ്രയാസം ഉന്നയിക്കുകയും നിയമസഭയില്‍ അടിയന്തര പ്രമേയമായി കൊണ്ടുവരുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ല. മലയോരജനതയുടെ ദുരിതത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥയില്ല. പ്രതിപക്ഷത്തിന് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കാനുണ്ട്. അതുകൊണ്ട് മുഖ്യമന്ത്രി പ്രതിപക്ഷ നേതാക്കളെ ഉള്‍പ്പെടുത്തി യോഗം വിളിക്കണം. വന്യമൃഗ ആക്രമത്തില്‍ കൊല്ലപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചില്ല. എന്നിട്ടാണ് നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ചത്.ഇത് പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ നല്‍കുന്നതിന് സമാനമാണെന്നും സണ്ണി ജോസഫ് പരിഹസിച്ചു.
ഗാന്ധി സ്തൂപം നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ പ്രഖ്യാപനം സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നയമാണോയെന്ന് കെപിസിസി പ്രസിഡന്റ്. ഗാന്ധി നിന്ദ നിറഞ്ഞ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ പ്രസ്താവന ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലേ? സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നാട്ടില്‍ പോലും ഇതാണ് അവസ്ഥ. ജനാധിപത്യവും ഭരണഘടന അനുവദിക്കുന്ന പൗരസ്വാതന്ത്ര്യവും സ്വതന്ത്ര സംഘടനാ പ്രവര്‍ത്തനവും കേരളത്തില്‍ എങ്ങനെ നടത്തുമെന്ന് മുഖ്യമന്ത്രി ഉത്തരം പറയണം. ഗാന്ധി സ്തൂപം തകര്‍ത്തതിനെതിരെ പരാതി നല്‍കിയിട്ടും പോലീസ് പ്രതികള്‍ക്ക് ഒത്താശ നല്‍കുകയാണ്. ഗാന്ധി നിന്ദയില്‍ സിപിഎം ബിജെപിയെ പോലും തോല്‍പ്പിക്കുകയാണ്. ഗാന്ധി സ്തൂപം തകര്‍ക്കുകയും കെ.സുധാകരന്‍ എംപി,രാഹൂല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെയും കോണ്‍ഗ്രസ് നേതാക്കളെയും ആക്രമിക്കുകയും ചെയ്ത കുറ്റവാളികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.