പൈലറ്റില്ലാതെ തനിയെ പറന്ന് വിമാനം. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് സ്‌പെയിനിലേക്ക് പോയ ലുഫ്താന്‍സ വിമാനമായിരുന്നു 10 മിനിറ്റ് പൈലറ്റില്ലാതെ പറന്നത്. തുടര്‍ന്ന് വിമാനം മഡ്രിഡില്‍ സുരക്ഷിതമായി അടിയന്തര ലാന്‍ഡിങ് നടത്തി. ഇന്നലെയാണ് സംഭവം നടന്നത്. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് സ്‌പെയിനിലെ സെവില്ലെയിലേക്ക് ജര്‍മന്‍ എയര്‍ലൈന്‍, ലുഫ്താന്‍സ എയര്‍ബസ് A 321 യാത്ര പുറപ്പെട്ടു. 199 യാത്രക്കാരും 6 ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. ഫ്‌ലൈറ്റ് ലാന്‍ഡ് ചെയ്യാന്‍ 30 മിനിറ്റ് ബാക്കിനില്‍ക്കെയാണ് സിനിമാക്കഥയെപ്പോലും വെല്ലുന്ന സംഭവമുണ്ടായത്.
ക്യാപ്റ്റന്‍ വാഷ്‌റൂമിലേക്ക് പോകുന്നു, തുടര്‍ന്ന്,വിമാനത്തിന്റെ നിയന്ത്രണം സഹപൈലറ് ഏറ്റെടുത്തു. എന്നാല്‍ അല്‍പസമത്തിനകം സഹപൈലറ്റ് ബോധരഹിതനായി.. 8 മിനിറ്റിന് ശേഷം പൈലറ്റ് തിരിച്ചെത്തുന്നു, പക്ഷേ ഡെക്കിലേക്ക് കയറാന്‍ കഴിഞ്ഞില്ല. പരി്ഭ്രാന്തനായ പൈലറ്റ് ഇന്റര്‍കോമിലൂടെ ഡെക്കിലേക്ക് വിളിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് എമര്‍ജന്‍സി കോഡ് ഉപയോഗിച്ച് അകത്ത് പ്രവേശിക്കാന്‍ പൈലറ്റിന്റെ ശ്രമം. തൊട്ടടുത്ത നിമിഷം സഹപൈലറ്റിന് ബോധം തിരികെക്കിട്ടുന്നു, അകത്തുനിന്ന് ഡെക്കിലേക്കുള്ള വാതില്‍ പൈലറ്റിന് തുറന്ന് നല്‍കി. നിയന്ത്രണം ഏറ്റെടുത്ത പൈലറ്റ്, തൊട്ടടുത്ത മാഡ്രിഡ് വിമാനത്താവളത്തില്‍ സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്തു. സഹപൈലറ്റിന് അടിയന്തര വൈദ്യസഹായം നല്‍കി. 2 മണിക്കൂര്‍ 20 മിനിറ്റിന് ശേഷം വിമാനം സെവില്ലെയില്‍ ഇറക്കി.സരഗോസ പിന്നിട്ടത് ഓര്‍മയുണ്ടെന്ന് പറഞ്ഞ സഹപൈലറ്റിന് പിന്നീട് നടന്നതൊന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല.
ബോധം നഷ്ടപ്പെട്ടത് വളരെ പെട്ടെന്നായതിനാല്‍ ക്രൂവിന് മുന്നറിയിപ്പ് നല്‍കാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് സഹപൈലറ്റ് പറഞ്ഞു. രോഗാവസ്ഥയുടെ ഒരു ലക്ഷണവും നേരത്തെ ഉണ്ടായിരുന്നില്ല. ഓട്ടോപൈലറ്റ് മോഡില്‍ ആയിരുന്നതിനാല്‍ ആണ് വിമാനത്തിന് സുഗമമായി യാത്ര തുടരാനായതെന്നാണ് റിപ്പോര്‍ട്ട്. അര്‍ധബോധാവസ്ഥയിലായപ്പോള്‍ സഹപൈലറ്റ് തന്നെ ഓട്ടോപൈലറ്റ് മോഡിലേക്ക് മാറ്റിയതാണെന്നാണ് വിവരം. ദേഹാസ്വാസ്ഥ്യമുണ്ടായ സമയത്തെ സഹപൈലറ്റിന്റെ ശബ്ദങ്ങള്‍ കോക്പിറ്റിലെ വോയ്‌സ് റെക്കോഡറില്‍ പതിഞ്ഞിരുന്നു. സംഭവത്തെത്തുടര്‍ന്ന് സഹപൈലറ്റിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. സ്പാനിഷ് അന്വേഷണ ഏജന്‍സി CIAIAC യുടെ അന്വേഷണ റിപ്പോര്‍ട്ടിലൂടെയാണ് വിവരങ്ങള്‍ പുറംലോകമറിഞ്ഞത്. ലുഫ്താന്‍സ എയര്‍ലൈന്‍സും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.
STORY HIGHLIGHTS : 200 Passengers ‘Fly Without A Pilot’ For 10 Minutes