കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ വൻ തീപിടുത്തത്തിൽ ഫയർഫോഴ്സ് സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. തീപിടുത്തത്തിന്റെ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. അന്വേഷണ റിപ്പോർട്ട് ഫയർ ഡിപ്പാർട്ട്മെന്റിനും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്കും കൈമാറും. തീപിടുത്തത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ.
ആറ് മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് വസ്ത്രവ്യാപാര കടയിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമായത്. കെട്ടിട പരിപാലന ചട്ടം പാലിക്കാതെയാണ് വ്യാപാര സ്ഥാപനം പ്രവർത്തിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കെട്ടിട പരിപാലന ചട്ടം അടക്കം പാലിച്ചിരുന്നോയെന്ന് പരിശോധിക്കും. ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായത്. തീപിടുത്തത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. രക്ഷാ ദൗത്യത്തിൽ വീഴ്ചഉണ്ടായിട്ടില്ല എന്നാണ് മന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം.
ഇന്നലെ വൈകിട്ട് 4.50നാണ് തീപിടുത്തം ഉണ്ടായത്. ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈൽസ് എന്ന തുണിക്കടയ്ക്കാണ് തീപിടുത്തമുണ്ടായത്. തീപിടുത്തം ഉണ്ടായ കാലിക്കറ്റ് ടെക്‌സ്റ്റൈൽസിന്റെ ഗോഡൗൺ അടക്കം കത്തിനശിച്ചു. സ്‌കൂൾ തുറക്കുന്നതുൾപ്പെടെ ലക്ഷ്യമിട്ട് സംഭരിച്ചിരുന്ന തുണിത്തരങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് നഗരമെങ്ങും കറുത്ത പുക പടര്‍ന്നു. തീപടര്‍ന്ന ഉടനെ കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴുപ്പിച്ചതിനാൽ ആളപായമില്ല.