തിരുവനന്തപുരം: വഞ്ചിയൂരിൽ യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. ബെയ്‌ലിന്റെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ സ്വന്തം ഓഫീസിലെ ജീവനക്കാരായ സാക്ഷികളെ പ്രതി സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം
ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിൻ ദാസ് നടത്തിയിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗവും വാദിച്ചു. ബെയ്‌ലിന് മുഖത്ത് പരുക്കേറ്റിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ ഹാജരാക്കിയിരുന്നു. അഭിഭാഷക ഓഫീസിനുള്ളിൽ രണ്ടു ജൂനിയർമാർ തമ്മിൽ നടന്ന തർക്കമാണ് പ്രശ്നത്തിൽ കലാശിച്ചതെന്നും, സ്ത്രീത്വത്തെ അപമാനിച്ച വകുപ്പ് നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. ബാർ അസോസിയേനെ തള്ളി മർദ്ദനമേറ്റ വി.ശ്യാമിലി രംഗത്തെത്തിയതുൾപ്പടെ വിവാദമായിരുന്നു.
തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് വാദിച്ച പ്രോസിക്യൂഷൻ സാക്ഷികളെയും ഇരയെയും പ്രതി സ്വാധീനിക്കാൻ ശ്രമിക്കുമെന്നും കോടതിയിൽ പറഞ്ഞു. പ്രതിഭാഗത്തിന്റെ വാദത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബെയ്ലിൻ നിലവിൽ പൂജപ്പുര ജയിലിൽ ആണ്.