ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു. ജോ ബൈഡന്റെ ഓഫീസ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ നിന്നാണ് രോഗവിവരം പുറം ലോകമറിയുന്നത്. വളരെ വേഗത്തില്‍ പടരുന്ന വിഭാഗത്തില്‍പ്പെട്ട പ്രോസ്റ്റെറ്റ് കാന്‍സറാണിത്. മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് ജോ ബൈഡന്‍ ഡോക്ടറുടെ സേവനം തേടിയത്. തുടര്‍ന്ന് വെള്ളിയാഴ്ചയാണ് പ്രോസ്റ്റെറ്റ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. രോഗത്തിന്റെ സ്ഥിതി വ്യക്തമാക്കുന്ന ഗ്ലീസണ്‍ സ്‌കോറില്‍ 10-ല്‍ ഒന്‍പതാണ് അദ്ദേഹത്തിന്റേത്. കാന്‍സര്‍ വളരെ വഷളായ നിലയിലായി എന്നാണിത് വ്യക്തമാക്കുന്നത്.
കാന്‍സര്‍ എല്ലുകളിലേക്ക് പടര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. രോഗബാധ ഹോർമോണുകളെ ആശ്രയിച്ചായതിനാൽ നിയന്ത്രണ വിധേയമാക്കാമെന്ന സൂചനയാണ് ബൈഡന്റെ ഓഫീസ് നൽകുന്നത്. 2024-ലെ അമേരിക്കന്‍ പ്രസിഡന്റ് തിരെഞ്ഞെടുപ്പില്‍ നിന്ന് ബൈഡന്‍ പിന്മാറാന്‍ നിര്‍ബന്ധിതനായി ഒരു വര്‍ഷം കഴിയുമ്പോഴാണ് 82-കാരനായ ബൈഡന്റെ കാന്‍സര്‍ ബാധ സംബന്ധിയായ വിവരം പറത്ത് വരുന്നത്.