ന്യൂഡല്‍ഹി: കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമർശത്തിൽ തനിക്കെതിരെയുള്ള എഫ്‌ഐആർ റദ്ദാക്കണമെന്ന് മധ്യപ്രദേശ് മന്ത്രി വിജയ് ഷായുടെ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ഉത്തരവിനെതിരെയാണ് വിജയ് ഷാ സുപ്രിംകോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ ഹർജി പരിഗണിച്ച സുപ്രീംകോടതി മന്ത്രിക്കെതിരെ രൂക്ഷ വിമർശനം നടത്തി. ഭരണഘടന സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുക.
മാധ്യമങ്ങൾ വിഷയത്തെ വളച്ചൊടിച്ചു എന്നായിരുന്നു വിജയ് ഷായുടെ വാദം. തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഹർജിയിൽ ഇന്ന് വിശദ വാദം കേൾക്കും. കേണൽ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശ് മന്ത്രി വിജയ് നടത്തിയ പരാമർശത്തിൽ മധ്യപ്രദേശ് ഹൈക്കോടതി നിർദ്ദേശത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കേസ് ഹൈക്കോടതി പരിഗണിച്ചപ്പോൾ എഫ്‌ഐആർ പരിശോധിച്ചു. പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ നിരവധി പോരായ്മകൾ ഉണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
വിജയ് ഷായ്ക്ക് എതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ ദുർബലമെന്ന് മധ്യപ്രദേശ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എഫ്‌ഐആറിൽ പോരായ്മകൾ ഉണ്ട്. പൊലീസ് അന്വേഷണം നിരീക്ഷിക്കും എന്നും ഹൈകോടതി വ്യക്തമാക്കിയിരുന്നു. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ടു മോദിജി പാഠം പഠിപ്പിച്ചുവെന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസംഗം.