ആവശ്യമായ തോതിലുള്ള ചില വെറ്റമിനുകളും ധാതുക്കളും പ്രോട്ടീനുകളും മറ്റ് അവശ്യ പോഷണങ്ങളും ഉണ്ടെങ്കില്‍ മാത്രമേ ശരീരം എണ്ണയിട്ട യന്ത്രം പോലെ ശരിയായി പ്രവര്‍ത്തിക്കൂ. പോഷണങ്ങളുടെ അഭാവത്തെ കുറിച്ച് നമ്മുടെ ചര്‍മ്മവും നഖവും മുടിയുമെല്ലാം വഴി ശരീരം കൃത്യമായ സൂചനകള്‍ നല്‍കാറുണ്ട്. നമ്മളില്‍ പലരും അതൊന്നും ശ്രദ്ധിക്കാറില്ലെന്ന് മാത്രം. ഇനി പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ചില പോഷണങ്ങളുടെ അഭാവമുണ്ടെന്ന് മനസ്സിലാക്കാം.
ദുര്‍ബലമായ പൊട്ടിപ്പോകുന്ന നഖങ്ങള്‍ ബയോട്ടിന്‍, സിങ്ക്, പ്രോട്ടീന്‍ എന്നിവയുടെ അഭാവത്തെ കുറിക്കുന്നു.
അവശ്യ ഫാറ്റി ആസിഡുകള്‍, വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ എന്നിവയുടെ അഭാവമാണ് വരണ്ടതും ചെതുമ്പലുകള്‍ ഉള്ളതുമായ ചര്‍മ്മത്തിലേക്ക് നയിക്കുന്നത്.
അമിതമായ മുടികൊഴിച്ചില്‍ അയണ്‍, ബയോടിന്‍, പ്രോട്ടീന്‍ എന്നിവയുടെ അഭാവത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ഈ പോഷണങ്ങള്‍ മുടിയുടെ ആരോഗ്യത്തിന് നിര്‍ണ്ണായകമാണ്. അവയുടെ അഭാവം രോമകൂപത്തെ ദുര്‍ബലപ്പെടുത്തി മുടികൊഴിയാന്‍ ഇടയാക്കുന്നു.
നിരന്തരമായ ക്ഷീണവും ദൗര്‍ബല്യവുമെല്ലാം അയണ്‍, വൈറ്റമിനുകള്‍ എന്നിവയുടെ അഭാവത്തിന്റെ ലക്ഷണമാണ്.
വായില്‍ അടിക്കടിയുണ്ടാകുന്ന പുണ്ണും വിണ്ടു കീറലുകളും റൈബോഫ്‌ളേവിന്‍(ബി2), നിയാസിന്‍(ബി3) പോലുള്ള ബി വൈറ്റമിനുകളുടെ അഭാവത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
മുറിവുകള്‍ ഉണങ്ങാന്‍ സാധാരണയിലും കൂടുതല്‍ സമയം എടുക്കുന്നത് വൈറ്റമിന്‍ സി, പ്രോട്ടീന്‍ എന്നിവയുടെ അഭാവത്തെ സൂചിപ്പിക്കുന്നു.
എപ്പോഴും രോഗങ്ങള്‍ പിടികൂടുന്നത് ദുര്‍ബലമായ പ്രതിരോധ ശേഷിയുടെ അടയാളമാണ്. വൈറ്റമിന്‍ എ, സി, ഡി, സിങ്ക് എന്നിവയുടെ അഭാവം പ്രതിരോധ ശേഷി കുറയാന്‍ ഇടയാക്കും
മങ്ങിയ വെളിച്ചത്തില്‍ കാണാനുള്ള ബുദ്ധിമുട്ടും അന്തികുരുടും വൈറ്റമിന്‍ എ അഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു.
നിരന്തരമുണ്ടാകുന്ന പേശി വലിവ്, കോച്ചിപിടുത്തം എന്നിവയെല്ലാം പൊട്ടാസിയം, മഗ്നീഷ്യം, കാല്‍സ്യം പോലുള്ള അവശ്യ ധാതുക്കളുടെ അഭാവം മൂലമുണ്ടാകുന്നതാണ്.