Kerala

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടികൂടുന്നതിൽ വനം വകുപ്പിന് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ; മുന്നറിയിപ്പ് നൽകിയിട്ടും അനങ്ങിയില്ല

മലപ്പുറം: കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയെ കടുവ അക്രമിച്ചുകൊന്ന സംഭവത്തിൽ വനംവകുപ്പിന് ഗുരുതര വീഴ്ച. കടുവയുടെ സാന്നിധ്യം നേരത്തെ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകിയിട്ടും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ അനങ്ങിയില്ല.

കടുവയുടെ സാന്നിധ്യം ഉണ്ടെന്നും കൂട് സ്ഥാപിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ചീഫ് വൈൽഡ്‌ലൈഫ് വാർഡന് രണ്ട് തവണ കത്തയച്ചിട്ടും അവഗണിച്ചു. മാർച്ച് 12നാണ് കൂട് സ്ഥാപിക്കാൻ അനുമതി ആവശ്യപ്പെട്ട് ആദ്യം കത്തയച്ചത്. അതിന് മറുപടി ലഭിക്കാതെ വന്നതോടെ ഏപ്രിൽ രണ്ടിന് വീണ്ടും കത്തയച്ചു. ഇത്തരത്തിൽ രണ്ടു തവണ കത്തയച്ചിട്ടും ചീഫ് വൈൽഡ് ലൈഫ് വാർഡൻ കൂട് സ്ഥാപിക്കാൻ അനുമതി നൽകിയില്ല. അന്ന് കൂട് സ്ഥാപിച്ച് കടുവയെ പിടികൂടിയിരുന്നെങ്കിൽ ഒരു പക്ഷേ ഒരു ജീവൻ നഷ്ടപ്പെടില്ലായിരുന്നു.

കടുവ ആക്രമണത്തിൽ കാളികാവ് സ്വദേശി ഗഫുർ ഈ മാസം പതിനഞ്ചിനാണ് കൊല്ലപ്പെട്ടത്. റബ്ബര്‍ ടാപ്പിംഗിനെത്തിയ രണ്ടുപേര്‍ക്കു നേരെ കടുവ പാഞ്ഞടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ കടിച്ചുവലിക്കുകയായിരുന്നു. ഗഫൂറിന്റെ മൃതദേഹവുമായി നാട്ടുകാര്‍ വനംവകുപ്പിനെതിരെ പ്രതിഷേധിച്ചിരുന്നു.