World

ഗാസയിൽ കൊടുംക്രൂരതയുടെ പരമ്പര തുടർന്ന്​ ഇസ്രായേൽ; കൊല്ലപ്പെട്ടത് 150 ഓളം പേർ

ദുബൈ: ഗാസയിലെ ജനവാസ മേഖലകളിലും അഭയാർഥി ക്യാമ്പുകളിലും ഇസ്രായേലിന്റെ ആക്രമണം. ഇസ്രയേൽ സേന ടാങ്കറുകളുമായി ഇരച്ചുകയറിയപ്പോൾ ഗാസയിൽ പൊലിഞ്ഞത് 150 ഓളം ജീവനുകളാണ്. വടക്കൻ ഗാസയിൽ ജബലിയ അഭയാർഥിക്യാമ്പിലെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 9 പേർ ആണ് കൊല്ലപ്പെട്ടത്.

സമീപകാലത്ത ഏറ്റവും വലിയ കുരുതിയാണിത്​. അൽ മവാസിയിലെ സുരക്ഷിത സോണിൽ നടന്ന ആക്രമണത്തിൽ 36 പേരാണ് മരിച്ചത്. ഖാൻ യൂനുസിലും പരിസര പ്രദേശങ്ങളിലും നടന്ന വ്യോമാക്രമണങ്ങളിലായി 56 പേർ കൊല്ലപ്പെട്ടു.

കുടിയിറക്കപ്പെട്ട ആളുകളെ പാർപ്പിച്ച വീടുകൾക്കും ടെന്റുകൾക്കും നേരെയായിരുന്നു ആക്രമണം.മറ്റൊരാക്രമണത്തിൽ ഏഴു കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ 10 പേർ മരിച്ചു. ഒരാഴ്ചക്കിടെ 500 ൽ അധികം പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്.

ഗാസ പിടിച്ചെടുക്കാനും ബന്ദി മോചനത്തിന്​ ഹമാസിനെ സമ്മർദത്തിലാക്കാനുമാണ്​ പുതിയ സൈനിക നടപടികളെന്ന്​ ഇസ്രായേൽ വ്യക്​തമാക്കി. ഹമാസിനെ അമർച്ച ചെയ്യുക, ഗാസയെ നിരായുധീകരിക്കുക, ബന്ദികളുടെ മോചനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ നടപ്പാകും വരെ ആക്രമണം തുടരുമെന്ന്​ ഇ​സ്രായേൽ പ്രധാനന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു.

ഇതോടെ ദോഹയിൽ നടക്കുന്നവെടിനിർത്തൽ ചർച്ചയും പ്രതിസന്ധിയിലായി. ഹമാസിന്റെ നിഷ്കാസനവും ഗാസയുടെ നിരായുധീകരണവും കരാറിന്റെ ഭാഗമാകണമെന്നാണ് നെതന്യാഹുവിന്‍റെ ആവശ്യം. അപ്രായോഗിക വ്യവസ്ഥകളാണിതെന്ന്​​ ഹമാസ്​ കുറ്റപ്പെടുത്തി. വടക്കൻ ഗാസയിലെ ആശുപത്രികളുടെ പ്രവർത്തനം നിലച്ചു. ഇതോടെ ആക്രമണത്തിൽ പരിക്കൽക്കുന്നവർ ചികിൽസ ലഭിക്കാതെ മരണത്തിന്​ കീഴടങ്ങുകയാണ്​. അതിനിടെ, ജോർദാൻ അതിർത്തിയിൽ പുതിയ മതിൽ പണിയാനുള്ള ഇസ്രായേൽ തീരുമാനം വിജയിക്കില്ലെന്ന്​ ഹമാസ്​ പ്രതികരിച്ചു.