Health

രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം? മുംബൈ ന​ഗരം ഭീഷണിയിൽ; വിദ​ഗ്ധർ പറയുന്നത് ഇങ്ങനെ | Covid-19

2020നും 2022നും ഇടയിൽ കൊവിഡ് മാരകമായ രീതിയിൽ വ്യാപിച്ചതുമായി താരതമ്യപ്പെടുത്താനാവില്ലെന്നും മെഡിക്കൽ വിദഗ്ധർ പറയുന്നു

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കോവിഡ് പടർന്നു വ്യാപിക്കുന്നെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഹോങ് കോങ്, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലാണ് നിലവിൽ വ്യാപനം. ഇപ്പോഴിതാ മുംബൈ ന​ഗരത്തിലും രോ​ഗം റിപ്പോർട്ടു ചെയ്യുന്നുണ്ടെന്നും എണ്ണത്തിൽ അനുദിനം കുതിക്കുകയാണെന്നുമാണ് മെഡിക്കൽ‌ വിദ​ഗ്ധർ‌ പറയുന്നത്. നിലവിൽ  ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഇവരുടെ ഭാഷ്യം.

2020നും 2022നും ഇടയിൽ കൊവിഡ് മാരകമായ രീതിയിൽ വ്യാപിച്ചതുമായി താരതമ്യപ്പെടുത്താനാവില്ലെന്നും മെഡിക്കൽ വിദഗ്ധർ പറയുന്നു.  കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം, ഇന്ത്യയിൽ നിലവിൽ 93 സജീവ കേസുകൾ മാത്രമേയുള്ളൂ, ഇത് ദേശീയ തലത്തിൽ  ആശങ്കാജനകമല്ല. മുംബൈയിൽ ഒരോ മാസവും എട്ടോ ഒൻപതോ കേസുകളാണ് വരുന്നതെന്നും മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ എക്സിക്യൂട്ടീവ് ഹെൽത്ത് ഓഫീസർ ഡോ.ദക്ഷ ഷാ പറഞ്ഞു. എന്നിരുന്നാലും തിരക്ക് പിടിച്ച കോസ്മോപോളിറ്റൻ നഗരം ജാഗ്രത പുലർത്തേണ്ടതുണ്ടെന്നാണ്  വിദഗ്ദർ പറയുന്നത്.

ബ്രീച്ച് കാൻഡി ആശുപത്രിയിൽ കഴിഞ്ഞ ദിവസം രണ്ട് പുതിയ കോവിഡ് രോഗികൾ ചികിത്സയ്ക്കെത്തിയിരുന്നു.  ഒരാൾ അടുത്തിടെ ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ ആളാണ്.   ചില പുറം രാജ്യങ്ങളിൽ കോവിഡ് വ്യാപനം കൂടുതൽ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിങ്കപ്പൂരിന്റെ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 28 ശതമാനം വർധന ഉണ്ടായതായും മേയ് ആദ്യവാരത്തിൽ ഇത് ഏകദേശം 14,200 ആയി ഉയർന്നതായും പറയുന്നു.  ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിലും 30 ശതമാനം വർധനയുണ്ടായിട്ടുണ്ട്.

content highlight: Covid-19