india

പഹൽഗാം ആക്രമണത്തിനുമുമ്പ് ജ്യോതി പാകിസ്താനിൽ പോയി; ചൈനയും സന്ദർശിച്ചു; വരുമാനത്തേക്കുറിച്ച് അന്വേഷണം

ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര പഹൽഗാം ഭീകരാക്രമണത്തിന് മുമ്പ് പാകിസ്താനിൽ പോയതായി ഹരിയാന പോലീസ്. ഇതുൾപ്പെടെ നിരവധി തവണ ജ്യോതി പാകിസ്താൻ സന്ദർശിച്ചതായി അധികൃതർ കണ്ടെത്തി. കൂടാതെ ചൈനയിലേക്കും ഇവർ യാത്ര ചെയ്തിട്ടുണ്ടെന്ന് പോലീസിനെ ഉദ്ധരിച്ച് ഹിന്ദുസ്താൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

സാമൂഹിക മാധ്യമങ്ങളിൽ സജീവമായ വീഡിയോ ക്രിയേറ്റർമാരെ പാക് രഹസ്യാന്വേഷണ വിഭാഗം റിക്രൂട്ട് ചെയ്യുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം വിവരം നൽകിയിട്ടുണ്ടെന്നും ഹിസാർ എസ്പി ശശാഭ്ക് കുമാർ സാവാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാക് രഹസ്യാന്വേഷണ വിഭാഗം ജ്യോതിയെ വെച്ച് വിവരങ്ങൾ ചോർത്തിയതായാണ് സൂചന.

ഹരിയാന പോലീസും കേന്ദ്ര ഏജൻസികളും ഇവരെ ചോദ്യംചെയ്തുവരികയാണ്. ഇവരുടെ വരുമാന സ്രോതസ്സുകൾ, യാത്രാവിവരങ്ങൾ, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയടക്കം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. യൂട്യൂബിൽനിന്ന് കിട്ടുന്ന വരുമാനംകൊണ്ട് മാത്രം ഇത്രയും വിദേശയാത്രകൾ ജ്യോതിക്ക് നടത്താൻ സാധിക്കില്ലെന്ന നിഗമനത്തിലാണ് പോലീസ്. വിദേശ ഫണ്ടിങ് ഇവർക്ക് ലഭിച്ചിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്

പാക് സന്ദർശനത്തിൽ നിരവധി ഉന്നതവ്യക്തികളുമായി ജ്യോതി കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തേതന്നെ ജ്യോതി രഹസ്യാന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലായിരുന്നു. വിദേശയാത്രയ്ക്ക് സഹായിച്ചവരെക്കുറിച്ചും ജ്യോതിയുടെ മറ്റു ബന്ധങ്ങളെക്കുറിച്ചും അന്വേഷണ സംഘം പരിശോധിച്ചുവരുന്നുണ്ട്. ജ്യോതിയുടെ സാമൂഹിക മാധ്യമമങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

 

Latest News