തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മര്‍ദ്ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് 12 ആണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അതേസമയം ഗൗരവമുളള കുറ്റം ചെയ്ത പ്രതിക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കേസിലെ സാക്ഷികള്‍ പ്രതിയുടെ ഓഫീസിലെ അഭിഭാഷകരും ജീവനക്കാരുമാണ്, പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ പ്രാഥമിക ഘട്ടത്തിലുള്ള അന്വേഷണം അട്ടിമറിക്കാന്‍ ഇടയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ജൂനിയര്‍ അഭിഭാഷകയാണ് പ്രകോപനമുണ്ടാക്കിയതെന്നും, ഓഫീസിനുള്ളില്‍ നടന്ന നിസ്സാര സംഭവത്തെ പാര്‍വതീകരിക്കുകയാണെന്നും പ്രതിഭാഗം വാദിച്ചു. കോടതി നല്‍കുന്ന ഏത് ഉപാധിയും അംഗീകരിക്കാമെന്ന ബെയിലിന്‍ ദാസിന്റെ വാദം അറിയിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
മെയ് 13 ന് ഉച്ചയ്ക്ക് 12.30ന് വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിങ്ങിലുളള ഓഫീസില്‍ വെച്ചാണ് ബെയ്‌ലിന്‍ ശ്യാമിലിയെ മര്‍ദ്ദിക്കുന്നത്. മര്‍ദ്ദനത്തില്‍ ശ്യാമിലിയുടെ മുഖത്ത് ഗുരുതരമായ പരിക്കേറ്റിരുന്നു. ജൂനിയര്‍ അഭിഭാഷകര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ബെയ്‌ലിന്‍ ഇപെടുകയും തുടര്‍ന്ന് നടന്ന തര്‍ക്കത്തില്‍ ശ്യാമിലിയെ മര്‍ദ്ദിക്കുകയുമായിരുന്നു. മുഖത്ത് അടികൊണ്ട് താഴെ വീണ ശ്യാമിലിയെ നിലത്തിട്ട് മര്‍ദ്ദിച്ചതായും ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഗര്‍ഭിണിയായിരിക്കെ വക്കീല്‍ ഓഫീസിനകത്ത് വെച്ച് നേരത്തെയും തന്നെ ബെയിലന്‍ ദാസ് മര്‍ദ്ദിച്ചിരുന്നുവെന്നും അഭിഭാഷക വെളിപ്പെടുത്തിയിരുന്നു. അതേസമയം അഭിഭാഷകര്‍ മാത്രമുളള വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ഒരു ഇരയ്ക്ക് കേട്ട് നില്‍ക്കാന്‍ പോലും കഴിയാത്ത വാക്കുകളാണ് തനിക്കെതിരെ ഉയരുന്നതെന്നും ശ്യാമിലി പറഞ്ഞിരുന്നു.
എന്നാല്‍ സംഭവത്തില്‍ ശ്യാമിലിയെ പിന്തുണച്ച് നിയമ മന്ത്രി പി. രാജീവും രംഗത്തെത്തിയിരുന്നു. അങ്ങേയറ്റം ഗൗരവമേറിയ സംഭവമാണിതെന്നും. നമ്മുടെ നാട്ടില്‍ സംഭവിക്കാന്‍ പാടിലാത്തതാണ് ഉണ്ടായത്. കേരളത്തില്‍ ഇതിന് മുമ്പ് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് ശ്യാമിലിയുടെ കാര്യത്തില്‍ ഉണ്ടായതെന്നും പി.രാജീവ് പ്രതികരിച്ചിരുന്നു. പ്രതിയെ രക്ഷിക്കാന്‍ സഹായിച്ചവരും നിയമത്തിന്റെ പരിധിയില്‍ വരണം. അങ്ങനെ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ അവരും നിയമത്തിന്റെ പരിധിയില്‍ വരും. കുറ്റവാളികളെ ബോധപൂര്‍വ്വം രക്ഷപെടാന്‍ സഹായിച്ചവരെയും കുറ്റവാളികളായി തന്നെ കാണും. പൊലീസ് അത് അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.
സംഭവത്തില്‍ ഒളിവില്‍ പോയ ബെയ്‌ലിന്‍ ദാസിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ വെച്ച് തുമ്പ പൊലീസ് പിടികൂടിയത്. ശേഷം ബെയ്‌ലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. പൊലീസ് ഹാജരാക്കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം റിമാന്‍ഡിലായി നാലാം ദിവസം ആണ് കോടതി ബെയ്ലിന് ജാമ്യം നല്‍കിയിരിക്കുന്നത്.
എന്തായാലും കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമെന്ന് മന്ത്രി പോലും പറഞ്ഞൊരു വിഷയത്തിലാണ് പ്രതിക്ക് റിമാന്‍ഡിലായ 4 ദിവസം തന്നെ ജാമ്യം ലഭിച്ചിരിക്കുന്നത്. സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പറയുന്ന സര്‍ക്കാരില്‍ നിന്നും , നിയമപാലകരില്‍ നിന്നും ശ്യാമിലിക്ക് നീതി കിട്ടുമോയെന്ന് കണ്ട് തന്നെ അറിയണം. ബെയ്‌ലിന് ജാമ്യം അനുവദിച്ചതിന് ശേഷം ശ്യാമിലി മാധ്യമങ്ങളോട് പ്രതികരിക്കാനും വിസമ്മതിച്ചു.