Travel

അതിശയിപ്പിക്കുന്ന ഹൃദയതടാകം, പ്രകൃതി ഒളിപ്പിച്ച വിസ്മയക്കാഴ്ച !

ചെമ്പ്ര മലയിലെ ഹൃദയതടാകം, വയനാട്ടിലെ ഈ ദൃശ്യ വിസ്മയം ഇന്നും സഞ്ചാരികൾക്ക് അജ്ഞാതമാണ്. വയനാട് ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ് ചെമ്പ്ര. സമുദ്രനിരപ്പില്‍ നിന്നും 2100 മീറ്റര്‍ ഉയരത്തിലാണ് ചെമ്പ്ര സ്ഥിതി ചെയ്യുന്നത്.

മനം കവരുന്ന പ്രകൃതിയാണ് ചെമ്പ്രയുടെ സവിശേഷത. അപൂര്‍വ സസ്യജാലങ്ങളുടെയും, വന്യജീവികളുടെയും വിഹാര വേദിയാണ് ഇവിടം. ചെമ്പ്രയുടെ മടിത്തട്ടിലെ ഹൃദയാകൃതിയിലുള്ള തടാകവും വെള്ളച്ചാട്ടവും സഞ്ചാരികളെ വരവേല്‍ക്കുന്നു.

ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകം അവിസ്മരണീയമായ ഒരു കാഴ്ച തന്നെയാണ് പ്രദാനം ചെയ്യുന്നത്. അത്രയേറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തടാകം കാണാന്‍ നിരവധിയാളുകളാണ് ചെമ്പ്രയിലെത്തുന്നത്.

അഡ്വഞ്ചര്‍ യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അനുയോജ്യമായ പ്രദേശമാണ് ചെമ്പ്ര. മുന്‍കൂര്‍ അനുമതി വാങ്ങണം. ഗൈഡുകള്‍ നയിക്കുന്ന സാഹസിക നടത്തം തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.

ഇവിടെ നിന്നാൽ വയനാട് മാത്രമല്ല, കർണാടകയിലെയും തമിഴ്നാട് അതിർത്തികളിലെയുമെല്ലാം മനോഹര കാഴ്ചകൾ മുന്നിലെത്തും. ഊട്ടി വഴിയെത്തിയ ബ്രിട്ടീഷുകാർക്ക് ചെമ്പ്ര ഉല്ലാസ കേന്ദ്രമായിരുന്നു.

സ്വർണഖനനം വരെ ബ്രിട്ടീഷുകാർ ഇവിടെ കണ്ടെത്തി. കാട്ടുപാതയിൽ ഇടവിട്ടുള്ള ചോലവനങ്ങൾ, തെരുവപുൽക്കാടുകൾ, അരുവികൾ അങ്ങനെ വിസ്മയങ്ങൾ നിരവധിയാണിവിടെ.

അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: കോഴിക്കോട്, 79 കി.മീ. | അടുത്തുള്ള വിമാനത്താവളം: കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, 92 കി.മീ.

Latest News