World

45 ലക്ഷം ചെലവാക്കി വ്യാജ ഡിഗ്രി സ‍ർട്ടിഫിക്കറ്റ് ഒപ്പിച്ചു; ചൈനീസ് സൗന്ദര്യറാണിക്ക് തടവ് ശിക്ഷ

വ്യാജ ഡിഗ്രി സ‍ർട്ടിഫിക്കറ്റ് നിർമ്മിച്ച ചൈനീസ് സൗന്ദര്യറാണിക്ക് കിട്ടിയത് എട്ടിന്റെ പണി. കേസില്‍ 28- കാരി ലി സിക്സ്‌സുവാന് 240 ദിവസം (എട്ട് മാസം) ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചു. 45 ലക്ഷം രൂപ ചെലവാക്കിയിട്ടാണ് വ്യാജ സർട്ടിഫിക്കറ്റ് ഒപ്പിച്ചതെന്ന് ലി, പോലീസിനോട് പറഞ്ഞു.

ഹോങ്കോങ് സ‍ർവകലാശാലയില്‍ ഐവി ലീഗ് യോഗ്യതകൾക്കായി, കൊളംബിയ സര്‍വകലാശാലയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതാണ് ചൈനീസ് സൗന്ദര്യ റാണിക്ക് കുരുക്കായത്. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയില്‍ വച്ച് ഭാഷാശാസ്ത്രത്തില്‍ ഡിഗ്രി പാസായെന്നാണ് ലി സിക്സ്‌സുവാൻ അവകാശപ്പെട്ടത്. ഹോങ്കോങ് സ‍ർവകലാശാലയില്‍ ഭാഷാശാസ്ത്രം പിജി കോഴ്സിന് അപേക്ഷിക്കുന്നതിനായാണ് ലി സിക്സ്‌സുവാൻ കൊളംബിയ സര്‍വകലാശാലയുടെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് 2021 -ല്‍ ഹാജരാക്കിയത്. 2022 -ല്‍ ലി സിക്സ്‌സുവാന് അഡ്മിഷനും ലഭിച്ചു. അതിന് ശേഷം 2024 -ലാണ് ലി, ഷെൻകൻഷിൻ മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തില്‍ വിജയിയാകുന്നത്.

കൊളംബിയ സര്‍വകലാശാലയുടേത് മാത്രമല്ല, ഹോങ്കോങ് സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റും ലി സർവകലാശാലയില്‍ സമർപ്പിച്ചിരുന്നു. ആ സർട്ടിഫിക്കറ്റില്‍ ലിക്ക് ഡിഗ്രി കോഴ്സിന് ഡിസ്റ്റിംഗ്ഷന്‍ മാര്‍ക്കാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ കോഴ്സ് ലി പാസാവുക മാത്രമേ ചെയ്തിട്ടൊള്ളൂവെന്ന് സർവകലാശാല റിക്കോർഡുകൾ പറയുന്നു. ഹോങ്കോങ് സ‍ർവകലാശാല നടത്തിയ അന്വേഷണത്തില്‍ അങ്ങനെയൊരു വിദ്യാര്‍ത്ഥി തങ്ങളുടെ സ‍ർവകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് കൊളംബിയ സര്‍വകലാശാല അറിയിച്ചു.

സൊംഗ്‌നാന്‍ സർവകലാശാലയ്ക്ക് കീഴിലുള്ള വുഹാന്‍ കോളേജില്‍ നിന്നും 2020 -ല്‍ സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലുമാണ് ലി ഡിഗ്രി കഴിഞ്ഞത്. പിന്നെ കൊളംബിയ സര്‍വകലാശാലയുടെ ഒരു ഓണ്‍ലൈന്‍ കോഴ്സിലും പങ്കെടുത്തിട്ടുണ്ടെന്നും ലി പോലീസിനോട് സമ്മതിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റില്‍ പിടികൂടപ്പെട്ടിട്ടും ലി ചൈനയിലേക്ക് തിരികെ പോകാന്‍ വിസമ്മതിച്ചു. ഇതേതുട‍ർന്ന് ലിയെ അതിര്‍ത്തിയില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷാട്ടിന്‍ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ 8 -ാം തിയതി 300 ദിവസത്തെ തടവായിരുന്നു ലിയ്ക്ക് വിധിച്ചത്. പിന്നീട് അത് 240 ദിവസമാക്കി കുറയ്ക്കുകയായിരുന്നു.

 

Tags: newsworld