Kerala

ആഗോള പ്രശസ്തമായ ദൃശ്യ-ശ്രാവ്യ-ആശയവിനിമയ സാങ്കേതിക ബ്രാന്‍ഡായ ഡൈനമേറ്റഡിന്‍റെ ‘ഇനോവെന്‍ഷന്‍ ഹബ്ബ്’ ആലങ്ങാട്

കൊച്ചി: ആഗോള പ്രശസ്തമായ ദൃശ്യ-ശ്രാവ്യ ആശയവിനിമയ ബ്രാന്‍ഡായ ഡൈനമേറ്റഡിന്‍റെ ‘ഇനോവെന്‍ഷന്‍’ ഹബ്ബ് എറണാകുളം ജില്ലയിലെ ആലങ്ങാട് ആരംഭിച്ചു. സംസ്ഥാന വ്യവസായ-നിയമ-കയര്‍ മന്ത്രി പി രാജീവ് ഹബ്ബിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗവേഷണം, വികസനം, ബൗദ്ധിക സ്വത്തവകാശം, തുടങ്ങിയ മേഖലകളില്‍ ഇനോവെന്‍ഷന്‍ ഹബ്ബ് പ്രവര്‍ത്തിക്കും.

നൂതന ആശയങ്ങള്‍ രൂപപ്പെടുത്താനുമുള്ള ലോകോത്തര ഇടം, വിജ്ഞാന സമ്പാദനം, പഠിക്കാനും, സൃഷ്ടിക്കാനും, കണ്ടുപിടിക്കാനുമുള്ള ഇടം എന്നിവ ഇവിടെയുണ്ട്. ഭാവിയിലേക്ക് മുന്നേറാന്‍ തയ്യാറുള്ള ഗവേഷകര്‍, സാങ്കേതികവിദ്യാ തത്പരര്‍, കലാകാരന്മാർ, ബിസിനസ്സുകള്‍ എന്നിവരെ ആകര്‍ഷിക്കുന്ന ഇനോവെന്‍ഷന്‍ ഹബ്ബ് കണ്ടുപിടുത്തങ്ങളുടെയും നൂതന ആശയങ്ങളുടെയും കേന്ദ്രമായി മാറാനാണ് ലക്ഷ്യമിടുന്നത്.

ജാക്കി ചാന്‍ സിനിമകള്‍ക്കടക്കം സാങ്കേതികസേവനം നല്‍കിയിട്ടുള്ള ഡൈനമേറ്റഡ് പോലുള്ള ലോകോത്തര കമ്പനി കേരളത്തില്‍ ഇനോവെന്‍ഷന്‍ ഹബ്ബ് തുടങ്ങിയത് അഭിമാനാര്‍ഹമായ കാര്യമാണെന്ന് പി രാജീവ് പറഞ്ഞു. ലോകത്തെമ്പാടുമുള്ള പ്രൊഫഷണലുകള്‍, സാങ്കേതികവിദഗ്ധര്‍, സര്‍ഗ്ഗാത്മക പ്രവര്‍ത്തകര്‍, സംഗീതജ്ഞര്‍ തുടങ്ങിയവര്‍ക്ക് ഏറ്റവും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകോത്തര സൃഷ്ടികള്‍ നടത്താനുള്ള അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ് വെയര്‍ കാഴ്ചപ്പാടോടെ ലാഭേച്ഛ കൂടാതെ എല്ലാവര്‍ക്കും സര്‍ഗ്ഗാത്മക സൃഷ്ടികള്‍ നടത്താനുള്ള ഇടമാണ് ഡൈനമേറ്റഡ് ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബൗദ്ധികവും ഭൗതികവുമായ ഘടകങ്ങളായ റിയല്‍ എസ്റ്റേറ്റ്, ടെക് ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍, ഡിജിറ്റല്‍ ഉള്ളടക്കം, മീഡിയ എന്നിവയെ കൂട്ടിച്ചേര്‍ത്ത് ‘ഫിജിറ്റല്‍’ (ഫിസിക്കല്‍ + ഡിജിറ്റല്‍) എന്ന കാഴ്ചപ്പാടോടു കൂടിയുള്ള സംരംഭമാണ് ഡൈനമേറ്റഡിന്‍റെ ഇനോവെന്‍ഷന്‍ ഹബ്ബ്. ഹോളോഗ്രാഫി, ബ്ലോക്ക്ചെയിന്‍, ഓഗ്മെന്‍റഡ് റിയാലിറ്റി തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്, പേറ്റന്‍റഡ് സാങ്കേതികവിദ്യകള്‍, ഡിസൈന്‍, പ്രോസസ്സുകള്‍ എന്നിവയിലൂടെ ആകര്‍ഷകമായ ദൃശ്യാനുഭവ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ഡൈനമേറ്റഡ്. അതിശയ യാഥാര്‍ത്ഥ്യത്തിന്‍റെ യഥാര്‍ത്ഥ ലോകത്തേക്ക് കാഴ്ചക്കാരെ എത്തിക്കാനും ഇതിലൂടെ സാധിക്കും.

വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ്, ഫ്യൂച്ചറിസം, ഹോളോഗ്രാഫി, സ്പേഷ്യല്‍ ഡിസൈനിംഗ് എന്നിവയുടെ ഗവേഷണത്തിലും വികസനത്തിലുമാണ് ഡൈനമേറ്റഡ് പ്രവര്‍ത്തിക്കുന്നത്. പ്രകൃതിയെയും ഭാവിയെയും പുതിയ സാങ്കേതിക യാഥാര്‍ത്ഥ്യത്തിലേക്ക് ലയിപ്പിക്കുക എന്നതാണ് ഡൈനമേറ്റഡിന്‍റെ ലക്ഷ്യം. സര്‍ഗ്ഗാത്മകതയിലേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് റോബോട്ടിക്സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് എന്നിവ സംയോജിപ്പിച്ച് പുതിയ അനുഭവം പകര്‍ന്നു നല്‍കുകയാണ് ഡൈനമേറ്റഡ് ചെയ്യുന്നത്.

ഗവേഷകര്‍, സംരംഭകര്‍, ദീര്‍ഘവീക്ഷണമുള്ള ഉള്ളടക്ക സൃഷ്ടാക്കള്‍ തുടങ്ങിയവര്‍ക്കുള്ള തുറന്ന ക്ഷണമാണ് ഇനോവെന്‍ഷന്‍ ഹബ്ബെന്ന് ഡൈനമേറ്റഡിന്‍റെ സ്ഥാപകന്‍ സി. ഖാന്‍ പറഞ്ഞു. പരമ്പരാഗത അതിരുകള്‍ക്കപ്പുറം കടന്ന് ഇനോവെന്‍ഷന്‍ ഹബ്ബ് നല്‍കുന്ന പുതിയ യാഥാര്‍ത്ഥ്യങ്ങളും മാനങ്ങളും അനുഭവിക്കാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രമ്യ തോമസ്, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്‍റ് പി എ മനൂഫ്, ഡൈനമേറ്റഡ് എംഡി മെര്‍ലിന്‍ ടോപ്പോ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 

 

 

 

Tags: Keralanews