Kerala

ഇലക്ട്രിക് വാഹന ചാര്‍ജ്ജിംഗിന് പകല്‍ സമയം കുറഞ്ഞ നിരക്ക്: സൗര മണിക്കൂറില്‍ 30 ശതമാനം വരെ കുറഞ്ഞ നിരക്കില്‍ വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാം

കെ.എസ്ഇ.ബി.യുടെ ഇലക്ട്രിക് വാഹന ചാര്‍ജ്ജിംഗ് സ്റ്റേഷനുകളില്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ 2024 ഡിസംബര്‍ 5ലെ താരിഫ് ഉത്തരവും കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളും അനുസരിച്ചുള്ള നിരക്കുകളാണ് വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ പ്രാബല്യത്തില്‍ വന്നത്. സൗരോര്‍ജ്ജം ലഭ്യമായ പകല്‍ സമയത്ത് വൈദ്യുത വാഹന ചാര്‍ജ്ജിംഗ് പ്രോത്സാഹിപ്പിച്ച് വൈകുന്നേരത്തെ അമിത ഉപയോഗം തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിരക്ക് നടപ്പാക്കിയത്.

രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് നാലുവരെ സൗര മണിക്കൂറും ബാക്കി സമയം സൗരേതര മണിക്കൂറുമായി തരം തിരിച്ചുള്ള ടൈം ഓഫ് ഡേ (ടി.ഒ.ഡി) രീതിയിലാണ് നിരക്കുകള്‍. സൗര മണിക്കൂറില്‍ 30 ശതമാനം വരെ കുറഞ്ഞ നിരക്കില്‍ വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാം. വൈകീട്ട് നാലു മുതല്‍ അടുത്ത ദിവസം രാവിലെ ഒമ്പതു വരെ 30 ശതമാനം കൂടിയ നിരക്കായിരിക്കും ഈടാക്കുക. പകല്‍ സമയം സൗരോര്‍ജ്ജം കൂടി പ്രയോജനപ്പെടുത്താനാകുന്നതിന്റെ അനുകൂല്യം വാഹന ഉടമകള്‍ക്ക് ലഭ്യമാക്കാന്‍ റഗുലേറ്ററി കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു.

ചാര്‍ജ്ജിംഗിന് പൊതു നിരക്ക് യൂണിറ്റിന് 7.15 രൂപയാണ്. സൌര മണിക്കൂറില്‍ 30 ശതമാനം കുറഞ്ഞ് അഞ്ച് രൂപയും സൗരേതര മണിക്കൂറുകളില്‍ 9.30 രൂപയുമാകും (30 ശതമാനം കൂടുതല്‍) ഈടാക്കുക. ഇതിനോടൊപ്പം ഡ്യൂട്ടിയും കേന്ദ്ര വൈദ്യുതി മന്ത്രാലയം നിര്‍ദ്ദേശിച്ച സര്‍വീസ് ചാര്‍ജ്ജും 18 ശതമാനം ജി.എസ്.ടി.യും നല്‍കേണ്ടി വരും. ഇരുചക്ര, മുച്ചക്ര ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്ന സാധാരണക്കാര്‍ക്ക് പകല്‍ സമയം ലാഭകരമാകുന്ന രീതിയിലാണ് പുതിയ പരിഷ്‌കാരം.

രാത്രിയില്‍ കൂടുതല്‍ വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്താല്‍ സൗരോര്‍ജ്ജം പോലുള്ള ഹരിത സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്താനാകില്ല. ഇത് കാര്‍ബണ്‍ ബഹിര്‍ഗമനം വര്‍ദ്ധിപ്പിക്കും. ഇത് ഒഴിവാക്കിക്കൊണ്ട് ഹരിത ഗതാഗതം അതിന്റെ യഥാര്‍ത്ഥ ലക്ഷ്യം നേടുന്ന രീതിയില്‍ നടപ്പാക്കുകയാണ് പുതിയ രീതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും കെ.എസ്.ഇ.ബി. അറിയിച്ചു. എ.സി. ടൈപ്പ് ചാര്‍ജ്ജറില്‍ രാവിലെ 9.00 മുതല്‍ വൈകീട്ട് 4.00 വരെ 8.5 + ജി.എസ്.ടി.(18%) രൂപയും, വൈകീട്ട് 4.00 മുതല്‍ രാവിലെ 9.00 വരെ 14.23 + ജി.എസ്.ടി.(18%) രൂപയും, ഡി.സി. ചാര്‍ജ്ജറില്‍ രാവിലെ 9.00 മുതല്‍ വൈകീട്ട് 4.00 വരെ 16.5 + ജി.എസ്.ടി.(18%) രൂപയും, വൈകീട്ട് 4.00 മുതല്‍ രാവിലെ 9.00 വരെ 23.23 + ജി.എസ്.ടി.(18%) രൂപയും ആയിരിക്കും പുതിയ നിരക്കനുസരിച്ച് വരിക.

CONTENT HIGH LIGHTS; Reduced daytime rates for electric vehicle charging: Vehicles can be charged at up to 30 percent less per solar hour