ഐടി സേവനങ്ങൾ, കൺസൾട്ടിംഗ്, ബിസിനസ് സൊല്യൂഷനുകൾ എന്നിവയിലെ ആഗോള മുൻനിരക്കാരായ ടാറ്റ കൺസൾട്ടൻസി സർവീസസിനെ (ടിസിഎസ്) ആഗോള തലത്തിലെ ഏറ്റവും മികച്ച 50 ബ്രാൻഡുകളില്‍ ഒന്നായി കാന്‍റർ ബ്രാൻഡ്‌സ് തെരഞ്ഞെടുത്തു. ആഗോള തലത്തിൽ 45-ാം റാങ്കാണ് ടിസിഎസിന് ഇപ്പോഴുള്ളത്. മുന്‍ വർഷത്തേക്കാള്‍ 28 ശതമാനം വാർഷിക വളർച്ചയോടെ ടിസിഎസിന്‍റെ ബ്രാൻഡ് മൂല്യം 57.3 ബില്യണ്‍ ഡോളറായി കണക്കാക്കിയിട്ടുമുണ്ട്. കാന്‍റർ ബ്രാൻഡ്‌സിന്‍റെ മോസ്റ്റ് വാല്യുവബിള്‍ ഗ്ലോബല്‍ ബ്രാൻഡ്‌സ് 2025 റിപ്പോർട്ടിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
വർഷം തോറും പ്രസിദ്ധീകരിക്കുന്ന കാന്‍റർ ബ്രാൻഡ്‌സ് മോസ്റ്റ് വാല്യൂബിൾ ഗ്ലോബൽ ബ്രാൻഡ്‌സ് റിപ്പോർട്ട്, ലോകത്തിലെ മികച്ച ബ്രാൻഡുകളെ വിവിധ വിഭാഗങ്ങളിലായി റാങ്ക് ചെയ്യുന്നു. ചലനാത്മകമായ വിപണി സാഹചര്യത്തിൽ ബ്രാൻഡുകളുടെ മൂല്യവും സ്വാധീനവും മനസ്സിലാക്കുന്നതിനുള്ള ആധികാരിക സ്രോതസാണ് കാന്‍റർ ബ്രാൻഡ്‌സിന്‍റെ ആഗോള റാങ്കിംഗ്.
കഴിഞ്ഞ 20 വർഷമായി കാന്‍റർ ബ്രാൻഡ്‌സ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ ബ്രാൻഡുകളെ അംഗീകരിക്കുകയാണെന്ന് ടിസിഎസ് ചീഫ് മാർക്കറ്റിങ് ഓഫിസര്‍ അഭിനവ് കുമാര്‍ പറഞ്ഞു. വിവിധ മേഖലകളിലായുള്ള ലോകത്തിലെ ഐതിഹാസിക ബ്രാൻഡുകള്‍ക്ക് ഒപ്പം ടിസിഎസിനു ലഭിച്ച ഈ അംഗീകാരത്തില്‍ തങ്ങള്‍ ആഹ്ളാദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
STORY HIGHLIGHT: tata consultancy services