ഞാന്‍ അഭിഭാഷകയെ മര്‍ദ്ദിച്ചിട്ടില്ല, ചെയ്യാത്ത കുറ്റം ഞാന്‍ എന്തിന് ഏല്‍ക്കണം? എനിക്കെതിരെ പ്രവര്‍ത്തിച്ച ഒരാളെയും ഞാന്‍ വെറുതെ വിടില്ലെന്ന് ബെയ്‌ലിന്‍. തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സീനിയര്‍ അഭിഭാഷകനായ പ്രതി ബെയ്‌ലിന്‍ ദാസ് ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. വളരെ ക്ഷുഭിതനായിട്ടാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
ബെയ്‌ലിന്റെ പ്രതികരണം ഇങ്ങനെ….
”ഇതിന്റെ പുറകെ പ്രവര്‍ത്തിച്ച എല്ലാവരും പുറത്തു വരും. ചെയ്യാത്ത തെറ്റ് ഞാന്‍ എന്തിന് ഏല്‍ക്കണം. ഞാന്‍ ഒരു വക്കീലാണ് എനിക്ക് കോടതിയെ അനുസരിക്കണം. മജിസ്‌ട്രേറ്റ് എന്നെ തേര്‍ഡ് പാര്‍ട്ടി ബെയ്‌ലിലേക്ക് പുറത്ത് വിടുന്നത് എനിക്ക് തോന്നുന്നതൊക്കെ വിളിച്ചു പറയാനല്ല. ഞാനിപ്പോള്‍ കോടതിയുടെ ഇന്ററിം കസ്റ്റഡിയിലുളള വ്യക്തിയാണ്. എന്റെ പ്രവര്‍ത്തികള്‍ എങ്ങനെ ആയിരിക്കണമെന്നതില്‍ ഞാന്‍ ബോത്തേര്‍ഡ് ആയാല്‍ മതി . കോടതി കണ്ടീഷനില്‍ പറയണമെന്നില്ല, അങ്ങനെ സംസാരിക്ക് ഇങ്ങനെ സംസാരിക്ക് എന്നൊന്നും. ഞാനിപ്പോള്‍ ഇവിടെ എന്താണോ സംസാരിക്കുന്നത് അത് എനിക്ക് തന്നെയായിരിക്കും ദോഷം . കാരണം ഞാന്‍ കോടതിയുടെ കസ്റ്റഡിയിലുളള വ്യക്തിയാണ്. കോടതി എന്നെ രണ്ട് പേരെ ഏല്‍പ്പിച്ചിരിക്കുകയാണ്. മുകളില്‍ എല്ലാം കണ്ട് ഒരാള്‍ ഇരിപ്പുണ്ട് അദ്ദേഹത്തിന് എല്ലാം അറിയാം. ഞാന്‍ നിരപരാധിയാണ്. എന്നാണെങ്കിലും സത്യം തെളിയും. ഇതിന് പിന്നാലെ പ്രവര്‍ത്തിച്ചത് ആരോണോ അവര്‍ എല്ലാവരും പുറത്ത് വരും”.
അഭിഭാഷകയെ മര്‍ദ്ദിച്ചിട്ടില്ലെന്ന വാദം ആവര്‍ത്തിക്കുകയാണ് പ്രതിയായ ബെയ്‌ലിന്‍ ദാസ്. ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ മര്‍ദ്ദിച്ച കേസില്‍ ഇന്നാണ് ബെയ്‌ലിന് ഉപാധികളോടെ ജാമ്യം ലഭിച്ചത്. റിമാന്‍ഡിലായി നാലാം ദിവസമാണ് പ്രതിക്ക് ജാമ്യം കിട്ടിയത്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ബെയ്‌ലിന് ജാമ്യം അനുവദിച്ചത്. ജയില്‍ മോചിതനായ ശേഷം വളരെ ക്ഷുഭിതനായിട്ടായിരുന്നു മാധ്യമങ്ങളോട് പ്രതികരിച്ചത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറയുകയാണ് ബെയ്‌ലിന്‍.
ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസിലാണ് കര്‍ശന ഉപാധികളോടെ പ്രതിക്ക് കോടതി ജാമ്യം നല്‍കിയത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയോ രണ്ട് മാസത്തേക്ക് വഞ്ചിയൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നും സാക്ഷികളെ ഫോണിലടക്കം ബന്ധപ്പെടാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും ജാമ്യം ഉത്തരവില്‍ കോടതി വ്യക്തമാക്കി.
അതേസമയം കേസില്‍ വഞ്ചിയൂര്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ബെയ്‌ലിന്റെ ഓഫീസിലെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മുമ്പും പ്രതി ജൂനിയര്‍ അഭിഭാഷകയെ തല്ലിയിട്ടുണ്ടെന്ന് അഡ്വ. ശ്യാമിലി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.