World

ഖാന്‍ യൂനിസ് ഉള്‍പ്പടെയുള്ള മേഖലകളില്‍ നിന്നും പലസ്തീനികള്‍ ഉടന്‍ സ്ഥലം വിടണമെന്ന് ഇസ്രായേല്‍ സൈന്യം

ഖാന്‍ യൂനിസ്, ബാനി സുഹൈല, അബാസാന്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന പലസ്തീനികളോട് ഉടന്‍ സ്ഥലം വിടാന്‍ ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടു. മേഖലയിലെ തീവ്രവാദ സംഘടനകളുടെ ശക്തി നശിപ്പിക്കുന്നതിന് ഐഡിഎഫ് അഭൂതപൂര്‍വമായ ആക്രമണം ആരംഭിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വക്താവ് അവിചായ് അദ്രെയ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പറഞ്ഞു.

നിങ്ങളെല്ലാവരും ഉടന്‍ തന്നെ പടിഞ്ഞാറുള്ള മാവാ പ്രദേശത്തേക്ക് പോകണമെന്ന് അദ്ദേഹം എക്‌സില്‍ എഴുതി. ഖാന്‍ യൂനിസിനെ ഇനി അപകടകരമായ ഒരു യുദ്ധമേഖലയായി കണക്കാക്കുമെന്ന് അദ്രെയ് പറഞ്ഞു. ഗാസയില്‍ ‘വമ്പിച്ച കരസേനാ നടപടി’ ആരംഭിച്ചതായി ഇസ്രായേല്‍ സൈന്യം നേരത്തെ പറഞ്ഞിരുന്നു. അതേസമയം, പത്ത് ആഴ്ച നീണ്ടുനിന്ന ഉപരോധത്തിന് ശേഷം പട്ടിണി പ്രതിസന്ധി ഉണ്ടാകാതിരിക്കാന്‍ ഗാസയിലേക്ക് ‘ആവശ്യമായ അളവില്‍ ഭക്ഷണം’ പോകാന്‍ അനുവദിക്കുമെന്ന് ഇസ്രായേല്‍ അറിയിച്ചു.

ഇസ്രായേല്‍ പ്രതിരോധ സേനയുടെ (ഐഡിഎഫ്) ശുപാര്‍ശയുടെയും ഹമാസിനെതിരായ പുതിയ സൈനിക ആക്രമണത്തെ പിന്തുണയ്‌ക്കേണ്ടതിന്റെ ആവശ്യകതയുടെയും അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിച്ചതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഈ പ്രഖ്യാപനത്തിന് മുമ്പ്, ഗാസയില്‍ ‘വമ്പിച്ച കരസേനാ നടപടി’ ആരംഭിച്ചതായി ഇസ്രായേല്‍ സൈന്യം പറഞ്ഞിരുന്നു. ഉപരോധത്തിനിടെ, ഗാസയിലേക്കുള്ള ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവപോലും ഇസ്രായേല്‍ തടഞ്ഞു. ഉപരോധം പിന്‍വലിക്കാന്‍ ഇസ്രായേലിനുമേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗാസയിലെ 2.1 ദശലക്ഷം ജനസംഖ്യയില്‍ പട്ടിണി ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് നിരവധി സഹായ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Latest News