തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സഹനസമരം ഇന്ന് നൂറാം നാളിലേക്ക്. സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുന്ന സമരത്തിന് പുറമെ കേരളമാകെ സഞ്ചരിച്ചുള്ള രാപ്പകല്‍ സമരയാത്ര പതിനാറാം ദിവസത്തിലേക്ക് കടന്നു. സമരവേദിയിൽ ഇന്ന് 100 തീപ്പന്തങ്ങൾ ഉയർത്തും. സമരത്തിനു പിന്തുണ തേടി കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു നയിക്കുന്ന ‘രാപകൽ സമരയാത്ര’ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പര്യടനം പൂർത്തിയാക്കി.
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയം എഴായിരം രൂപയില്‍നിന്ന് 21000 ആയി ഉയര്‍ത്തുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫെബ്രുവരി പത്തിന് സമരം ആരംഭിച്ചത്. മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ആവശ്യങ്ങള്‍ പഠിക്കാന്‍ സമിതിയെ വച്ചെങ്കിലും നൂറ് രൂപയെങ്കിലും കൂട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഉറപ്പിച്ചു പറയുകയായിരുന്നു സമരക്കാര്‍.