തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് അഞ്ചാം വര്‍ഷത്തിലേക്ക്. മൂന്നാമതും തുടര്‍ഭരണമെന്ന ചരിത്രനേട്ടം ആവര്‍ത്തിക്കാനുളള സമ്മര്‍ദ്ദവും പേറിയാണ് അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നത്. പത്തു വര്‍ഷം കൈവിട്ടു പോയ ഭരണം തിരിച്ചു പിടിക്കാൻ പ്രതിപക്ഷവും ഒരുങ്ങുന്നു. പതിവുകളികള്‍ മാറ്റി മറിക്കാൻ ബിജെപിയും കരുക്കള്‍ നീക്കിയതോടെ കേരള രാഷ്ട്രീയം കാൽ വയ്ക്കുന്നത് ആവേശകരമായ ഒരു വര്‍ഷത്തിലേയ്ക്കാണ്.
ഒരു മുന്നണിയുടെ സര്‍ക്കാരിന് തുടര്‍ച്ചയായി മൂന്നാം ഊഴം ലഭിക്കുക എന്നത് ചരിത്രനേട്ടമാണ്. എന്നാല്‍ അങ്ങനെയൊരു ചരിത്രം കേരളത്തിനില്ല. പിണറായി വിജയന്റെ ഒറ്റയാള്‍ മികവില്‍ ആ നേട്ടം കൈയ്യെത്തി പിടിക്കാനാണ് ശ്രമം.
ഒന്നാം പിണറായി സര്‍ക്കാരിൽ എന്നപോലെ രണ്ടാം സര്‍ക്കാരിലെ മന്ത്രിമാര്‍ അത്ര പോരെന്ന വിമര്‍ശനമുണ്ട്. എന്നാൽ പാര്‍ട്ടിയുടെ നോട്ടത്തിൽ മുഖ്യമന്ത്രിയുടെ റേറ്റിങ് ഉയര്‍ന്നു തന്നെയാണ് നിൽക്കുന്നത്. ഒരു പരിധിയും വയ്ക്കാതെ അടുത്ത തെരഞ്ഞെടുപ്പിന്‍റെയും നായകനായി പിണറായിയെ നിയോഗിക്കുന്നതും ഈ വിശ്വാസത്തിലാണ്.
സംസ്ഥാനത്ത് ആദ്യം വരുന്നത് തദ്ദേശ തെരഞ്ഞെടുപ്പാണ്. ഇടതോട്ട് ചരിവെന്ന തദ്ദേശ വോട്ടു ചരിത്രം മാറ്റി സംസ്ഥാന ഭരണം തിരിച്ചുപിടിക്കാനാണ് യുഡിഎഫ് പരിശ്രമം. തെരഞ്ഞെടുപ്പ് സ്പെഷ്യലിസ്റ്റുകളെ കോണ്‍ഗ്രസ് താക്കോൽ സ്ഥാനം ഏൽപിച്ചതും ഇതുകൊണ്ടാണ്. ചോര്‍ന്ന വോട്ടുകള്‍ തിരിച്ചു പിടിക്കാനും ഇനി ചോരാതിരിക്കാനും സാമുദായിക ചേരുവകള്‍ ശരിയാക്കിയുള്ള നേതൃനിരയെയാണ് രംഗത്തിറക്കിയത്. അപ്പുറം പോയ കക്ഷികളെ ഇപ്പുറമെത്തിക്കാമെന്ന പ്രതീക്ഷയും യുഡിഎഫിലുണ്ട്. തമ്മലടിയെന്ന ദുഷപ്പേര് മാറ്റലാണ് പ്രധാന ലക്ഷ്യം.
ഇടത് -വലത് മുന്നണികള്‍ മാത്രം ഉണ്ടായിരുന്ന സംസ്ഥാന രാഷ്ട്രീയത്തില്‍ BJP കൂടി നിര്‍ണായക ശക്തിയായി കടന്നു വന്നതും മൂന്നാം ഭരണത്തിന് മുന്നിലുള്ള വെല്ലുവിളിയാണ്. ബിജെപിയുടെ കടന്നുവരവ് യു.ഡി.എഫിനും ഭീഷണിയാണ് എന്നത് മാത്രമാണ് എല്‍ഡിഎഫിന് ആശ്വാസകരമായ കാര്യം.
തലമുറ മാറ്റം സംഭവിച്ച കേരളത്തിലെ പ്രതിപക്ഷത്തിനും ഇത് നാലാം വാര്‍ഷികമാണ്. തുടര്‍ച്ചയായി രണ്ടാം തവണയും പ്രതിപക്ഷത്തിരിക്കുന്ന യു.ഡി.എഫ് നിരവധി ആരോപണങ്ങളാണ് ഇക്കാലയളവിനില്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്. എന്നാല്‍ കഴിഞ്ഞ പ്രതിപക്ഷ കാലയളവുപോലെ ശ്രദ്ധേയമായ സമരങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ലെന്നത് പോരായ്മയാണ്.