Celebrities

ഒടുവിൽ പ്രണയസാഫല്യം; വിവാഹത്തിനൊരുങ്ങി വിശാല്‍, വധു ആ ഹിറ്റ് നായിക, തീയതി പുറത്ത് !

തമിഴിലും മലയാളത്തിലും ഏറെ ആരാധകരുള്ള നടനാണ് വിശാൽ. അദ്ദേഹം ഏത് ചടങ്ങിനുപോയാലും ആരാധകർക്ക് ഒരേയൊരു കാര്യമേ അറിയേണ്ട തായുണ്ടായിരുന്നുള്ളു. എന്നാണ് വിശാലിന്റെ വിവാഹം എന്ന്. താരത്തിന്റെ വിവാഹത്തെക്കുറിച്ച് നിരവധി തവണ വാർത്തകൾ ഉയർന്നിരുന്നു. ഇപ്പോഴിതാ നടന്റെ വിവാഹത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നിരിക്കുകയാണ്.

സോളോ, കബാലി, പെറാൺമെയ്‌ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഭിനേത്രി സായി ധൻഷികയെയാണ് വിശാൽ വിവാഹം കഴിക്കാനൊരുങ്ങുന്നത്. സായ് ധൻഷിക നായികയാകുന്ന ‘യോഗി ഡാ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ വെച്ച് വിശാലിന്റെ സാന്നിധ്യത്തിൽ ഔദ്യോഗികമായി നടി തന്നെ വിവാഹവിവരം വെളിപ്പെടുത്തുകയായിരുന്നു. ആഗസ്റ്റ് 29 നാണ് ഇരുവരും വിവാഹിതരാകുന്നത്.

“ഇന്ന് തന്നെ തുറന്ന് പറയേണ്ടി വരുമെന്ന് കരുതിയില്ല, ഞങ്ങൾ രണ്ട് പേരും നല്ല സുഹൃത്തുക്കളാണെന്ന് മാത്രം എല്ലാവരും കരുതിയാൽ മതിയെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ രാവിലെ ഒരു പത്രത്തിലൂടെ ഈ വാർത്ത പുറത്തുവന്നു. അതിനാലിനി മറച്ചു പിടിക്കാനായി ഒന്നുമില്ല. ഈ വരുന്ന ആഗസ്റ്റ് 29 ന് ഞങ്ങളിരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ്” സായ് ധൻഷിക പറയുന്നു.

വിവാഹം ഉടൻ ഉണ്ടാകുമെന്നും പ്രണയ വിവാഹമാണെന്നും വിശാൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു നടന്റെ പ്രതികരണം. ‘അതെ, ഞാൻ വിവാഹം കഴിക്കാൻ പോവുകയാണ്. എന്റെ ഭാവി വധുവിനെ കണ്ടെത്തിയിട്ടുണ്ട്. ഞങ്ങൾ വിവാഹത്തെക്കുറിച്ച് സംസാരിച്ചു കഴിഞ്ഞു. ഇതൊരു പ്രണയ വിവാഹമായിരിക്കും’, എന്നായിരുന്നു വിശാൽ പറഞ്ഞത്. നാല്പത്തി ഏഴാം വയസിലാണ് വിശാല്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്.

അടുത്തിടെ വിഴുപ്പുരത്ത് ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ വിശാൽ ബോധരഹിതനായി വീണത് വാർത്തകൾക്കിടയാക്കിയിരുന്നു. വില്ലുപുരത്ത് സംഘടിപ്പിച്ച സൗന്ദര്യ മത്സരത്തോട് അനുബന്ധിച്ച് ആശംസകൾ അറിയിക്കാനായി വേദിയിൽ കയറിയപ്പോഴാണ് നടൻ കുഴഞ്ഞ് വീണത്. ഉടൻ തന്നെ വിശാലിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

ഉച്ചഭക്ഷണം ഒഴിവാക്കിയതിനാലാണ് ഇത് സംഭവിച്ചതെന്ന് അദ്ദേഹത്തിൻ്റെ ടീം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. നേരത്തെ മദ​ ഗജ രാജ എന്ന സിനിമയുടെ പ്രീ റിലീസ് ഈവന്റിൽ വിശാൽ വിറയലോടെ സംസാരിക്കുന്ന വീഡിയോ ഏറെ വൈറലായിരുന്നു.