India

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; മൂന്നംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് മധ്യപ്രദേശ് സർക്കാർ

കേണൽ സോഫിയ ഖുറേഷിക്കെതിരായി മന്ത്രി വിജയ് ഷാ നടത്തിയ വിവാദ പരാമർശത്തെ തുടർന്ന്, മധ്യപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. സുപ്രീം കോടതി നൽകിയ നിർദേശത്തെ തുടർന്നാണ് സർക്കാരിന്റെ നടപടി.

ഐ ജി, ഡി ഐ ജി, എസ് പി എന്നീ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരാണ് അന്വേഷണസംഘത്തിലുളളത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഇതിനിടെ കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മധ്യപ്രദേശ് ബിജെപി മന്ത്രി കുൻവർ വിജയ്ഷായുടെ അറസ്റ്റ് തത്കാലത്തേക്ക് സുപ്രീംകോടതി തടഞ്ഞു.

അന്വേഷണ വിവരങ്ങൾ റിപ്പോർട്ട് ആയി എസ്ഐടി കോടതിക്ക് സമർപ്പിക്കണം.വിജയ്ഷാ അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കണമെന്നും നിർദേശമുണ്ട്.