കൊല്ലം: ബിരിയാണിക്കൊപ്പം സാലഡ് കിട്ടത്തതിനെ തുടർന്ന് കൊല്ലത്ത് കൂട്ടത്തല്ല്. സാലഡ് കിട്ടാത്തതിനെ തുടർന്ന് കേറ്ററിങ് തൊഴിലാളികൾ ആണ് അക്രമം അഴിച്ചുവിട്ടത്. സംഘർഷത്തിൽ നാല് പേർക്കു പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് തട്ടാമല പിണയ്ക്കൽ സമീപം ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്.
വിവാഹത്തിൽ പങ്കെടുത്തവർക്കെല്ലാം ബിരിയാണി വിളമ്പിയ ശേഷം കേറ്ററിങ് തൊഴിലാളികൾ ആഹാരം കഴിക്കാനായി തയാറെടുത്തു. ഇവർ പരസ്പരം ബിരിയാണി വിളമ്പി. എന്നാൽ ചിലർക്ക് സാലഡ് കിട്ടാതായതോടെ തർക്കമായി. ആ തർക്കം പിന്നീട് സംഘർഷത്തിലെത്തി. ഇരു വിഭാഗങ്ങളായി തിരിഞ്ഞു യുവാക്കൾ ഭക്ഷണം വിളമ്പിയ പാത്രങ്ങളുമായി ഏറ്റുമുട്ടി. അക്രമത്തിൽ 4 പേരുടെ തലയ്ക്കു പരുക്കേൽക്കുകയായിരുന്നു. ഇവരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘർഷത്തിന്റെ ഭാഗമായ രണ്ടു കൂട്ടരും ഇരവിപുരം പൊലീസിൽ പരാതിയുമായി എത്തി. ഇന്നു രണ്ടു കൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ട്. അടിയുണ്ടാക്കിയവർക്ക് എതിരെ കേസെടുക്കുമെന്ന് ഇരവിപുരം എസ്എച്ച്ഒ ആർ.രാജീവ് അറിയിച്ചു.