തിരുവവന്തപുരം: കഴക്കൂട്ടത്ത് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം
കഴക്കൂട്ടം സ്വദേശിയായ മൺവിള പൂവാലിയിൽ വീട്ടിൽ അനൂജ് (26) ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്. കല്യാണം കഴിച്ച വിവരം യുവതിയോട് ഇയാൾ പറഞ്ഞിരുന്നില്ല. യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വിദേശത്തായിരുന്ന പ്രതിയുടെ വിവാഹം കുറച്ചുനാൾ മുമ്പ് ഒരു യുവതിയുമായി നടന്നിരുന്നു. എന്നാൽ ഇക്കാര്യം മറച്ചു വെച്ചാണ് അനൂജ് പരാതിക്കാരിയായ യുവതിയുമായി അടുക്കുന്നത്. ഇരുവരും തമ്മിലുള്ള അടുപ്പം പ്രണയമായി മാറി. പിന്നീട് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി വിവാഹകാര്യം പറഞ്ഞതോടെ അനൂജ് ഒഴിഞ്ഞ് മാറി. ഇതോടെയാണ് യുവതി ചതി മനസിലാക്കിയത്. പിന്നാലെ യുവതി തുമ്പ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് കഴക്കൂട്ടത്ത് വച്ചാണ് പ്രതി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത അനൂജിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പ്രതി മറ്റ് പെൺകുട്ടികളെ ഇത്തരത്തിൽ പീഡിപ്പിച്ചിട്ടുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
















