ലഖ്‌നൗ: ഉത്തർപ്രദേശിൽ രാജധാനി എക്‌സ്പ്രസ് ഉള്‍പ്പെടെ രണ്ട് യാത്രാ തീവണ്ടികള്‍ അട്ടിമറിക്കാൻ ശ്രമം. തിങ്കളാഴ്ച വൈകിട്ട് ഹര്‍ദോയ് ജില്ലയിലായിരുന്നു ആദ്യത്തെ സംഭവം. ട്രാക്കുകളിൽ ഇരുമ്പ് കമ്പികൊണ്ട് മരത്തടി കെട്ടിവെച്ചുകൊണ്ടാണ് ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം നടത്തിയത് എന്നാൽ ലോക്കോ പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിലൂടെ ശ്രമം പരാജയപ്പെടുത്തി.
ദലേല്‍നഗര്‍ സ്റ്റേഷനും ഉമര്‍താലി സ്റ്റേഷനും ഇടയിലുള്ള ട്രാക്കില്‍ അജ്ഞാതർ തടിക്കഷണങ്ങൾ വെക്കുകയായിരുന്നു.ഡല്‍ഹിയില്‍നിന്ന് അസമിലെ ദിബ്രുഗഢിലേക്ക് പുറപ്പെട്ട രാജധാനി എക്‌സ്പ്രസി (20504)ന്റെ ലോക്കോപൈലറ്റ്, ട്രാക്കില്‍ തടിക്കഷണങ്ങള്‍ കിടക്കുന്നത് കാണുകയും ഉടന്‍ എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിക്കുകയും ചെയ്തു. ട്രാക്കില്‍നിന്ന് അവ നീക്കംചെയ്തശേഷം ലോക്കോപൈലറ്റ് റെയില്‍വേ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതായും പോലീസ് പറഞ്ഞു.
തൊട്ടുപിന്നാലെ സമാനമായി കാഠഗൊദാം എക്‌സ്പ്രസ് (15044) അട്ടിമറിക്കാനുള്ള ശ്രമവും നടന്നു. എന്നാല്‍, ലോക്കോപൈലറ്റിന്റെ സമയോചിതമായ ഇടപെടലില്‍ ഇതും പരാജയപ്പെട്ടു.
സംഭവത്തിന് പിന്നാലെ ഹര്‍ദോയി എസ്പി നീരജ് കുമാര്‍ സ്ഥലം സന്ദര്‍ശിച്ചു. ഗവണ്‍മെന്റ് റെയില്‍വേ പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്, ലോക്കല്‍ പോലീസ് എന്നിവരടങ്ങിയ സംയുക്ത സംഘം വിഷയത്തേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.