ഇന്ത്യൻ റെയിൽവേയുടെ ഒട്ടുമിക്ക സേവനങ്ങളും ഒന്നിച്ച് ലഭ്യമാക്കുന്ന സൂപ്പർ ആപ്പ് ‘സ്വറെയിൽ’ ലഭ്യമായി തുടങ്ങി. പരീക്ഷണാടിസ്ഥാനത്തിലാണ് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിരിക്കുന്നത്. എന്നാൽ ആപ്പിൾ ആപ്പ്സ്റ്റോറിൽ സ്വറെയിൽ ആപ്പ് എത്തിയിട്ടില്ല.
ദീർഘദൂര, ലോക്കൽ ട്രെയിൻ ടിക്കറ്റുകൾ ‘സ്വറെയിൽ’ ആപ്പ് വഴി ബുക്ക് ചെയ്യാം. ഒപ്പം ഭക്ഷണവും ഓർഡർ ചെയ്യാം. ഇതുകൂടാതെ ട്രെയിനിന്റെ ലൈവ് ലൊക്കേഷൻ അറിയാനും ചരക്ക് കൈകാര്യം ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കും.
ഐആർസിടിസിയും (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ) ക്രിസും (സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്) ചേർന്ന് വികസിപ്പിച്ചതാണ് ഈ ആപ്ലിക്കേഷൻ.
നിലവിൽ റെയിൽ കണക്ട് എന്ന ആപ്പ് ഉപയോഗിക്കുന്നവർക്ക് അതിന്റെ അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ച് ഇത് ലോഗിൻ ചെയ്യാനും പുതിയ അക്കൗണ്ട് തുറക്കാനും സാധിക്കും.
അതേസമയം. യുടിഎസ് ആപ്പ് ഉപയോഗിക്കുന്നവർക്ക് അതിലെ ആർ വാലറ്റ് സൗകര്യം പുതിയ ആപ്പുമായി ബന്ധിപ്പിക്കാം. പ്ലാറ്റ്ഫോം ടിക്കറ്റെടുക്കുക, ടിക്കറ്റിന്റെ പിഎൻആർ സ്റ്റാറ്റസ് തിരയുക, വണ്ടിയുടെ കോച്ചുകളുടെ സ്ഥാനങ്ങൾ തിരയുക, റെയിൽവേയുടെ സഹായങ്ങൾ അഭ്യർഥിക്കുക, പരാതി നൽകുക തുടങ്ങി ഒട്ടേറെ സേവനങ്ങളും ആപ്പിലൂടെ ലഭ്യമാണ്.