മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ചിത്രത്തിലെ നായക കഥാപാത്രത്തെ പോലെ തന്നെ വില്ലന്‍ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരിക്കുകയാണ്. തുടരുമിലെ കലക്കന്‍ വില്ലന്‍ വേഷത്തിലെത്തി മലയാളികളുടെ വെറുപ്പ് സമ്പാദിച്ച പ്രിയ നടന്‍ ബിനു പപ്പുവിനെ ആരും പെട്ടെന്ന് ഒന്നും മറക്കില്ല. മലയാളത്തിന്റെ മഹാനടന്‍ പപ്പു ചേട്ടന്റെ മകന്‍. ഇപ്പോഴിതാ താരം അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ അച്ഛന്‍ പപ്പുവിനെ കുറിച്ചും ചില കാര്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നിരിക്കുന്നത്.
ബിനു പപ്പു പറയുന്നു……
”സിനിമയില്‍ അഭിനയിക്കുക എന്നത് മാത്രമായിരുന്നു. അതില്‍ റെമ്യുണറേഷന്‍ പോലും പെടില്ല. സിനിമയില്‍ അഭിനയിക്കുക എന്നത് മാത്രമായിരുന്നു അച്ഛന്റെ ഇഷ്ടം. 1986 ല്‍ ആണെന്ന് തോന്നുന്നു വര്‍ഷം കൃത്യമായി ഓര്‍മ്മയില്ല, ഐ വി ശശി സര്‍ ചെയ്ത 12 സിനിമയില്‍ അച്ഛന്‍ അഭിനയിച്ചിരുന്നു. ആ വര്‍ഷം അച്ഛന്‍ 56 സിനിമകളില്‍ അഭിനയിച്ചു. ഒരു സെറ്റില്‍ നിന്ന് അടുത്ത സെറ്റിലേക്ക് ഇങ്ങനെ പോക്കോണ്ടെ ഇരുന്നു. അഭിനയിക്കുക അതില്‍ കുറഞ്ഞൊന്നും അച്ഛന് വേണ്ട. സുന്ദര കില്ലാടി എന്ന സിനിമയുടെ സെറ്റില്‍ നിന്ന് അച്ഛന്‍ നേരെ പോകുന്നത് സമ്മര്‍ ഇന്‍ ബത്‌ലഹേമിലേക്കാണ്. അതില്‍ മണി ചേട്ടന്‍ ചെയ്ത വേഷം ആദ്യം അച്ഛനായിരുന്നു ചെയാനിരുന്നത്. ഒരു പാട്ട് സീനായിരുന്നു ആദ്യം ചിത്രീകരിച്ചത്. ഓടി സ്റ്റെപ്പ് കയറുന്ന ഒരു സീന്‍ കഴിഞ്ഞപ്പോള്‍ അച്ഛന് കിതക്കുകയായിരുന്നു. അച്ഛന് ശ്വാസം വലിക്കാന്‍ ബുദ്ധിമുട്ടായി, അങ്ങനെ അച്ഛന്‍ സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞ് ഊട്ടിയില്‍ നിന്ന് തിരിച്ചു വന്നു. അച്ഛന്‍ ആദ്യമായിട്ടാണ് ഒരു സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞ് തിരികെ വരുന്നത്. അതും ആരോഗ്യ പ്രശ്‌നം കാരണം. അങ്ങനെ ഡോക്ടറെ കണ്ടപ്പോള്‍ ആയിരുന്നു അച്ഛന് നിമോണിയ ആണെന്ന് അറിയുന്നത്. മുമ്പ് ഒരു തവണ ഹാര്‍ട്ട് അറ്റാക്കും വന്നിരുന്നു. നിമോണിയ വന്നതോടെ അച്ഛന്റെ ആരോഗ്യം നഷ്ടപ്പെട്ട് തുടങ്ങി. അച്ഛനെ തിരിച്ച് കിട്ടില്ലെന്ന് വരെ പറഞ്ഞു. വീട്ടില്‍ വന്നതിന് ശേഷം പുറത്തിറക്കരുതെന്നും, പൊടി അടിക്കാന്‍ പാടില്ലെന്നുമൊക്കെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അച്ഛന്റെ റൂമില്‍ വെച്ചിരുന്നത് ഡമ്മി ഫോണ്‍ ആയിരുന്നു. കാരണം അച്ഛന്‍ ഫോണ്‍ എടുത്ത് കഴിഞ്ഞാല്‍ സിനിമ കമ്മിറ്റ് ചെയ്യും. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമ ഡബ് ചെയ്യാന്‍ അച്ഛന്‍ ചെന്നൈയിലാണ് പോയത്. അവിടെ എത്തിയപ്പോള്‍ ലിഫ്റ്റ് ഇലായിരുന്നു. അച്ഛന് പടി കയറാനും പറ്റില്ല. അങ്ങനെ സത്യന്‍ അന്തിക്കാട് സര്‍ അച്ഛനെ എടുത്തുകൊണ്ടാണ് കയറിയത്. കഴിഞ്ഞ ദിവസം ഹൃദയപൂര്‍വ്വത്തിന്റെ സെറ്റില്‍ പോയപ്പോള്‍ സത്യന്‍ സര്‍ പറഞ്ഞതാണിത്”.
ബിനു പപ്പുവിന്റെ 44ാമത്തെ ചിത്രമാണ് തുടരും. ഇതിന് മുമ്പ് പല വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞ കഥാപാത്രം ഇതായിരുന്നു. ചിത്രത്തില്‍ ബെന്നി എന്ന് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ബിനു എത്തിയത്.