സമയമില്ലാത്ത സമയത്ത് എളുപ്പത്തിൽ ഒരു ബ്രഡ് ഉപ്പുമാവ് തയ്യാറാക്കിയാലോ? എങ്ങനെയെന്ന് നോക്കാം. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ബ്രെഡ് സ്ലൈസ് 8 എണ്ണം( പൊടിച്ചത്)
- കടുക് 1/ 2 ടീസ്പൂൺ
- കറിവേപ്പില ആവശ്യത്തിന്
- അണ്ടിപ്പരിപ്പ് 5 എണ്ണം
- സവാള 1 എണ്ണം( ചെറുതായി അരിഞ്ഞത്)
- ഇഞ്ചി ഒരു ചെറിയ കഷ്ണം
- പച്ചമുളക് 3 എണ്ണം
- മഞ്ഞൾ പൊടി 1/ 4 ടീസ്പൂൺ
- മുളക്പൊടി 1/ 2 ടീസ്പൂൺ
- ക്യാരറ്റ് ഒരു ചെറിയ കഷ്ണം
- ക്യാപ്‌സിക്കം ഒരെണ്ണത്തിന്റെ കാൽ ഭാഗം ചെറുതായരിഞ്ഞത്
- ബീൻസ് 5 എണ്ണം
- ഉപ്പ് ആവശ്യത്തിന്
- വെള്ളം ആവശ്യത്തിന്
- വെളിച്ചെണ്ണ 2 ടേബിൾസ്പൂൺ
- നെയ്യ് ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ബ്രെഡ് നല്ല പോലെ പൊടിച്ചെടുക്കുക. ശേഷം പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അണ്ടിപരിപ്പ് വറുത്തെടുക്കുക. തുടർന്ന് സവാള, കറിവേപ്പില, പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. അതിന് ശേഷം ക്യാരറ്റ്, ബീൻസ്, ക്യാപ്‌സിക്കം എന്നിവ ചേർക്കുക. ഇനി ഇതിലേക്ക് മഞ്ഞൾ പൊടിയും മുളക്പൊടിയും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. ബ്രഡ് ചേർക്കുന്നതിന് മുൻപ് ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ശേഷം ബ്രഡ് പൊടിച്ചത് ചേർത്ത് ചെറു തീയിൽ നന്നായി മിക്സ് ചെയ്തെടുക്കുക. കൂടെ അൽപ്പം വെള്ളം കൂടി തളിച്ച് കൊടുക്കുക. ശേഷം ആവശ്യത്തിനുള്ള ഉപ്പ് ചേർക്കുക. ബ്രെഡ് ഉപ്പുമാവ് തയ്യാർ.