കൂരിയാട് ദേശീയപാതയില്‍ തലപ്പാറ ഭാഗത്ത് റോഡില്‍ വിള്ളല്‍ വീണതോടെ ഇതുവഴി ഗതാഗതം പൂര്‍ണമായി നിരോധിച്ചു. നിര്‍മാണം പൂര്‍ത്തിയായ പുതിയ ആറുവരി പാതയിലാണ് ഇന്നലെ ഉച്ചയോടെ ഒരുഭാഗം തകര്‍ന്ന് വീണത്. ഈ പ്രദേശത്തിന് നാലുകിലോമീറ്റര്‍ അകലെയാണ് വിള്ളല്‍കണ്ട തലപ്പാറ പ്രദേശം. വിഷയത്തില്‍ സുരക്ഷ നിലവാരവും, ഗുണനിലവാരവുമെല്ലാം പുനഃപരുശോധിക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം കോണ്‍ഗ്രസ് നേതാവ്
വി.ടി ബല്‍റാം മാധ്യമങ്ങളോട് പറഞ്ഞു. അശാസ്ത്രീയമായ നിര്‍മാണമാണ് അപകടത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വി.ടി.ബല്‍റാമിന്റെ വാക്കുകള്‍…..
”അങ്ങേയറ്റം വലിയൊരു ഭീകരാവസ്ഥയാണ്. വലിയ ഒരു അപകടം ഉണ്ടാകാതെ പോയത് ഭാഗ്യം എന്ന് വിചാരിച്ചാല്‍ മതി. ഇവിടെ പാടമാണ്. ഏതാണ്ട് 10 മീറ്റര്‍ ഉയരത്തിലാണ് ഇത് കെട്ടിപ്പൊക്കി വെച്ചിരിക്കുന്നത്. ജിയോ ടെക്‌സറ്റൈല്‍ വെച്ച് കൊണ്ടുളള കംപ്രഷന്‍ ഒന്നും നടന്നിട്ടില്ല എന്നാണ് കാണാന്‍ സാധിക്കുന്നത്. നല്ല ഗ്യാപ്പിലാണ് പണി ചെയ്തിരിക്കുന്നത് . സ്വഭാവികമായും മണ്ണില്‍ വെളളമിറങ്ങുമെന്നത് ഒരു കോമണ്‍സെന്‍സാണ്. ഓരോ സ്ഥലത്തേയും മണ്ണിന്റെ ഘടന പരിശോധിച്ചാവണം നിര്‍മാണം. എന്നോട് ഇവിടത്തെ നാട്ടുകാര്‍ പറഞ്ഞത് നിര്‍മാണത്തിന്റെ ആദ്യഘട്ടം മുതല്‍ ഇതിന്റെ ആശങ്ക അവര്‍ ചൂണ്ടി കാണിച്ചിരുന്നു എന്നാണ്. പക്ഷേ അത് ആരും മുഖവിലക്ക് എടുത്തിരുന്നില്ല. എഞ്ചിനീയേഴ്‌സും മറ്റുളളവരും ഇത് വകവെച്ചില്ല. ഇത് ലാഭം ഉണ്ടാക്കാന്‍ വേണ്ടി ചെയ്തതാണോ, ഓവര്‍ ലൂക്ക് ചെയ്തതാണോ എന്നൊക്കെ പരിശോധിക്കേണ്ടതുണ്ട്. സമഗ്രമായ ഒരു അന്വേഷണം വേണം. ആദ്യത്തെ മഴയാണ്, വലിയ ഹെവി വാഹനങ്ങളൊന്നും സഞ്ചരിച്ച് തുടങ്ങിയില്ല അതിന് മുമ്പാണ് ഇങ്ങനെ സംഭവിച്ചത്. ഇതിന്റെ സുരക്ഷ നിലവാരവും,ഗുണനിലവാരവുമെല്ലാം പുനഃപരുശോധിക്കണം എന്നാണ് പറയാനുളളത്”.
അതേസമയം കൂരിയാട് തകര്‍ന്ന ദേശീയപാത റോഡ് നാഷണല്‍ ഹൈവേ അതോറിറ്റി അധികൃതര്‍ സന്ദര്‍ശിച്ചു. അപകടം സംബന്ധിച്ച് മൂന്ന് അംഗ
സമിതി പരിശോധന നടത്തും. സമ്മര്‍ദത്തെ തുടര്‍ന്ന് വയല്‍ പ്രദേശത്തെ മണ്ണ് നീങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പ്രോജക്ട് ഡയറക്ടര്‍ പറഞ്ഞു.
സംഭവത്തില്‍ മലപ്പുറം ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് സംഭവ സ്ഥലം സന്ദര്‍ശിക്കും. വിദഗ്ദ സംഘം നാളെ എത്തുമെന്നും ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍നടപടി ഉണ്ടാകുമെന്നും കലക്ടര്‍ അറിയിച്ചു. ഇനി ഇങ്ങനെ ഉള്ള അപകടങ്ങള്‍ ഉണ്ടാകില്ലെന്ന് എന്‍എച്ച്എഐ ഉറപ്പ് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ഉച്ചയോടെയാണ് കൂരിയാട് ഓവര്‍പാസില്‍ മതില്‍ തകര്‍ന്ന് സര്‍വീസ് റോഡിലേക്ക് വീണത്. കല്ലുകള്‍ വീണ് മൂന്ന് വാഹനങ്ങള്‍ക്ക് കേടുപറ്റി.
യാത്രക്കാര്‍ അത്ഭുതരകമായാണ് രക്ഷപ്പെട്ടത്. ദേശീയ പാത നിര്‍മാണത്തില്‍ അശാസ്ത്രീയതയുണ്ടെന്നാരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു.