തിരുവനന്തപുരം: കള്ളക്കേസിൽ പൊലീസ് പ്രതിയാക്കിയ ബിന്ദുവിന്റെ വസതി സന്ദർശിച്ച് മന്ത്രി വി. ശിവൻകുട്ടി. ഉത്തരവാദിത്തപെട്ടവർക്കെതിരെ കർശന നടപടികൾ എടുക്കുമെന്നും നീതി ഉറപ്പാക്കും വരെ കുടുംബത്തിനൊപ്പം നിൽക്കുമെന്നും മന്ത്രി ഉറപ്പു നൽകി. പൊലീസിന്റെ ഭാഗത്ത് നിന്നും വന്ന വീഴ്ചകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാണെന്നും വി. ശിവൻകുട്ടി പറഞ്ഞു.
തിരുവനന്തപുരത്ത് ദളിത് യുവതി ആർ ബിന്ദുവിനെതിരായ കേസിൽ, തെറ്റ് ആര് ചെയ്താലും കർശനനടപടി സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിയും , സർക്കാരും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. തെറ്റായ പ്രവണത വെച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിന്ദുവിനെ അപമാനിച്ചതിൽ പൊലീസിനോട് റിപ്പോർട്ട് തേടിയെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണം. കള്ള പരാതി കൊടുക്കാൻ ഉണ്ടായ സാഹചര്യം പരിശോധിക്കണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.