- ഗര്‍ഭിണികള്‍ കൂടുതല്‍ അളവില്‍ ഭക്ഷണം കഴിക്കണമെന്നാണ് പൊതുവേയുള്ള ധാരണ. . കൂടുതല്‍ കഴിക്കണം എന്ന കാരണം പറഞ്ഞ് അനാരോഗ്യകരമായ ഭക്ഷണവും ഗര്‍ഭിണികള്‍ക്ക് നല്‍കാറുണ്ട്. ഗര്‍ഭകാലത്ത് അളവിനെക്കാള്‍ കൂടുതല്‍ പോഷകത്തിന് പ്രാധാന്യം നല്‍കണമെന്ന് വിദഗ്ധര്‍ പറയുന്നു. രണ്ട് പേര്‍ക്കുള്ളത് കഴിക്കണം എന്നത് എന്തും കഴിക്കാനുള്ള ലൈസന്‍സായി കരുതാന്‍ പാടില്ല.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്‍ എന്നിവരുടെ പഠനങ്ങള്‍ പ്രകാരം സാധാരണ ജീവിതം നയിക്കുന്ന ഗര്‍ഭിണികള്‍ക്ക്, ആദ്യത്തെ 2,3 മാസങ്ങളില്‍ 350 കിലോ കാലറിയാണ് അധികമായി ആവശ്യമുള്ളത്. പിന്നീടുള്ള മാസങ്ങളില്‍ പ്രൊട്ടീന്‍ ആവശ്യകത 8 മുതല്‍ 10 ഗ്രാം വരെയും, 18 മുതല്‍ 22 ഗ്രാം വരെയും ഉയരുന്നു, ഈ കാലയളവില്‍ ആവശ്യമായ പ്രൊട്ടീന്‍ അടങ്ങുന്ന ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.
ആദ്യത്തെ മൂന്ന് മാസം
ആദ്യത്തെ മാസങ്ങളില്‍ ഗര്‍ഭിണികളുടെ ശരീരം, ശാരീരക മാറ്റത്തെയും, ഹോര്‍മോണിലുണ്ടാകുന്ന വ്യത്യാസത്തെയും പരിചയപ്പെടുന്ന സമയമാണ്. ഈ സമയത്തിന് ഗര്‍ഭസ്ഥ ശിശുവിന് കാര്യമായ വളര്‍ച്ച സംഭവിക്കാത്തതിനാല്‍ കൂടുതല്‍ ഭക്ഷണത്തിന്‍റെ ആവശ്യമുണ്ടാകുന്നില്ല. ആദ്യ മൂന്ന് മാസങ്ങളില്‍ ഭക്ഷണത്തിന്റെ അളവിനേക്കാള്‍ പോഷക നിലവാരത്തിന് പ്രാധാന്യം നല്‍കുക.
രണ്ടാമത്തെ മൂന്ന് മാസം
രണ്ടാമത്തെ മൂന്ന് മാസങ്ങള്‍ (3 മുതല്‍ 6 വരെ) കാലറിയുടെയും പ്രൊട്ടീനിന്റെയും ആവശ്യകത അധികമായിരിക്കും. കാലറി കൂടുതലായി ശരീരത്തിലെത്തിക്കാന്‍ പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിക്കണം. കാലറിയോ, പ്രൊട്ടീനോ കൂടുതലായി വേണം എന്ന കാരണത്താല്‍ അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ദോഷകരമായി ബാധിക്കും. ശാരീരിക മാറ്റങ്ങള്‍ ഒരുപാടുണ്ടാകുന്ന സമയമാണ് ഗര്‍ഭകാലം. ഈ മാറ്റങ്ങളെ പാകപ്പെടുത്തുന്നതിന് ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി 12, കാത്സ്യം തുടങ്ങിയവ അത്യാവശ്യമാണ്. ഭക്ഷണ ക്രമത്തില്‍ ഇവ കൂടി ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
പോഷക ലഭ്യതയ്ക്ക് കഴിക്കാവുന്ന ഭക്ഷണങ്ങള്‍
ധാന്യങ്ങള്‍, തിന, തവിട് എന്നിവ ഊര്‍ജത്തിന്റെയും, നാര് ശേഖരത്തിന്റെയും കേന്ദ്രങ്ങളാണ്. മലബന്ധത്തില്‍ നിന്ന് രക്ഷ നേടാന്‍ സഹായിക്കുന്നു. പയര്‍വര്‍ഗങ്ങളില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. കൂടാതെ മൈക്രോ നൂട്രിയന്‍സ് ലഭിക്കുന്നതിനും പയര്‍വര്‍ഗങ്ങള്‍ കഴിക്കാവുന്നതാണ്.
കടല്‍ വിഭവങ്ങള്‍, നട്ട്സ് എന്നിവ കഴിക്കുന്നത് ശരീരത്തിന് ഗുണകരമാണ്. ഇവ ശരീരത്തിനാവശ്യമായ ഫാറ്റി ആസിഡ് പ്രദാനം ചെയ്യുന്നു. പാല്‍, മത്സ്യം, മാംസം എന്നിവയില്‍ നിന്നുള്ള പ്രൊട്ടീനുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പഴങ്ങള്‍, പച്ചക്കറികള്‍ പോലുള്ളവ കഴിച്ചുകൊണ്ട് ധാതുക്കള്‍ നിലനിര്‍ത്തുക. കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അമിതമായി അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക.
content highlight: Pregnancy