ജയ്പൂർ: സിനിമാ കഥയെ വെല്ലും തരത്തിൽ വിവാഹ തട്ടിപ്പ് നടത്തിയ കേസില്‍ യുവതി അറസ്റ്റില്‍. അനുരാധ പാസ്വാന്‍ (23) എന്ന യുവതി ഏഴുമാസത്തിനുള്ളില്‍ വിവിധ സംസ്ഥാനങ്ങളിലായി 25 പുരുഷന്മാരെ ആണ് വിവാഹം കഴിച്ചത്. ഇവരെ തിങ്കളാഴ്ച മാൻപൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വിവാഹത്തിന് ശേഷം പുരുഷന്മാരുടെ പക്കൽ നിന്നും സ്വർണ്ണം, പണം, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങിയ കൈക്കലാക്കുന്നതാണ് ഇവരുടെ രീതി.
ഓരോ തവണയും പേരും തന്‍റെ ഐഡന്‍റിറ്റിയും മാറ്റിപ്പറഞ്ഞാണ് അനുരാധ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു. വിവാഹം കഴിച്ച് കുറച്ച് നാള്‍ കൂടെതാമസിക്കുകയും പിന്നീട് ആഭരണങ്ങളും പണവും വിലപിടിപ്പുള്ള വസ്തുക്കളുമായി മുങ്ങുകയുമായിരുന്നു പ്രതിയുടെ രീതി. ദരിദ്രയാണെന്നും തൊഴില്‍ രഹിതമായ സഹോദരനുമുണ്ടെന്നാണ് അനുരാധ വരന്മാരോട് പറഞ്ഞത്. വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അതിന് സാധിക്കുന്നില്ലെന്നും യുവാക്കളോട് പറയും. ഈ വാക്കുകളില്‍ വീണാണ് പല പുരുഷന്മാരും വഞ്ചിതരായത്.
അനുരാധ വലിയൊരു വിവാഹത്തട്ടിപ്പ് സംഘത്തിന്‍റെ നേതാവാണെന്നാണ് പൊലീസ് പറയുന്നത്. അനുരാധയുടെ ചിത്രങ്ങളുമായി വരന്മാരെ സമീപിക്കുന്നത് ഈ തട്ടിപ്പ് സംഘത്തിലെ മറ്റ് ചിലരാണ്. വിവാഹം ഉറപ്പിച്ചാല്‍ രണ്ടു ലക്ഷം രൂപ മുതല്‍ കമ്മീഷനും ഈടാക്കാറുണ്ട്. വിവാഹം ഉറപ്പിച്ചാല്‍ വിവാഹ സമ്മതപത്രം തയ്യാറാക്കും.പിന്നീട് വരന്മാരുടെ ആചാരങ്ങൾ അനുസരിച്ച് ദമ്പതികൾ ഒരു ക്ഷേത്രത്തിലോ വീട്ടിലോ വെച്ച് വിവാഹിതരാകും. വരനോടും വീട്ടിലെ മറ്റുള്ളവരോടും പ്രതി വളരെ നിഷ്കളങ്കമായാണ് പെരുമാറാണ്. വീട്ടിലുള്ളവരുടെ വിശ്വാസം കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ നേടിയെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ വീട്ടിലുള്ളവരെ മയക്കിക്കിടത്തി ആഭരണങ്ങൾ, പണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയുമായി ഒളിച്ചോടുകയും ചെയ്യും.ഇതാണ് സ്ഥിരമായി അനുരാധ നടത്തിവരുന്നതെന്ന് പൊലീസ് പറയുന്നു.
മെയ് മൂന്നിന് സവായ് മധോപൂർ നിവാസിയായ വിഷ്ണു ശർമ്മ എന്നയാള്‍ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ഏജന്‍റുമാര്‍ക്ക് രണ്ടുലക്ഷം രൂപ നല്‍കി വിവാഹം ഉറപ്പിക്കുകയും ഏപ്രിൽ 20 വിവാഹിതരാകുകയും ചെയ്തു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ, 1.25 ലക്ഷം രൂപയുടെ ആഭരണങ്ങളും 30,000 രൂപയും 30,000 രൂപയുടെ മൊബൈൽ ഫോണും അനുരാധ അപ്രത്യക്ഷമായി. ഭക്ഷണത്തില്‍ ഉറക്കഗുളിക ചേര്‍ത്ത് വിഷ്ണു ശര്‍മ്മയെയും കുടുംബത്തെയും മയക്കിക്കിടത്തിയാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് പരാതിയില്‍ പറയുന്നത്.
അനുരാധയെ തെളിവുകളോടെ പിടികൂടാന്‍ പൊലീസ് തീരുമാനിച്ചു. ഇതിനായി ഒരു പൊലീസ് ഉദ്യോഗസ്ഥനെ വരനായി അവതരിപ്പിക്കുകയും ഏജന്‍റുമാരുമായി ബന്ധപ്പെടുകയും ചെയ്തു. രണ്ടുലക്ഷം രൂപ കമ്മീഷനായി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഏജന്‍റ് അനുരാധയുടെ ഫോട്ടോ പൊലീസിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന് പറഞ്ഞു വിളിച്ചുവരുത്തിയാണ് അനുരാധയെ അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന അനുരാധ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് ഭോപ്പാലിലേക്ക് താമസം മാറിയത്.