india

പാക്കിസ്ഥാൻ ഭീകര കേന്ദ്രവുമായി അടുത്ത ബന്ധം;ചാരപ്രവർത്തനത്തിന് അറസ്റ്റിലായി യൂട്യൂബ് വ്ലോ​ഗർ ജ്യോതി മൽഹോത്ര ആര്??

ഹരിയാന ആസ്ഥാനമായുള്ള ട്രാവൽ വ്‌ളോഗറായ ജ്യോതി മൽഹോത്രയുടെ അറസ്റ്റ് ഇന്ത്യയിൽ പാക്കിസ്താനുവേണ്ടി പ്രവർത്തിക്കുന്ന ഒരു വലിയ ശൃംഖലയേയാണ് തുറന്ന് കാട്ടുന്നത്. പാകിസ്ഥാൻ ചാര ഏജൻസിയായ ഐഎസ്‌ഐയുടെ ഗൂഢാലോചന പൊലിക്കാനും ഇന്ത്യയിൽ ഒരു ചാര ശൃംഖല പ്രവർത്തിപ്പിക്കാൻ ആധുനിക സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് വെളിപ്പെടുത്താനും ഈ അറസ്റ്റിന് സാധിച്ചേക്കും.
അറസ്റ്റിലായ ഈ ട്രാവൽ- ലൈഫ് വ്ലോഗർ നമ്മുടെ ശത്രുരാജ്യമായ പാക്കിസ്ഥാനെ വളരെയധികം സ്നേഹിച്ചിരുന്നു എന്ന് അവരുടെ ട്രാവൽ വീഡയോകളിൽ നിന്നും വ്ലോഗുകളില്ൽ നിന്നും വ്യക്തമാകും. കൂടാതെ രാജ്യത്തും വിദേശത്തും പലപ്പോഴും ആഡംബര ബസുകളിലും ട്രെയിനുകളിലും യാത്രകൾ നടത്തിയിരുന്നു.

പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികളുമായി മൽഹോത്ര പതിവായി ബന്ധം പുലർത്തിയിരുന്നുവെന്നും വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, സ്‌നാപ്ചാറ്റ് എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾ വഴി തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കിട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു. ജ്യോതി മൽഹോത്രയുടെ യൂട്യൂബ് ചാനലിനും ഇൻസ്റ്റാഗ്രാം അക്കൗണ്ടിനും യഥാക്രമം 3.77 ലക്ഷം സബ്‌സ്‌ക്രൈബർമാരും 1.33 ലക്ഷം ഫോളോവേഴ്‌സും ഉണ്ട്.

2023-ൽ ആണ് കമ്മീഷൻ ഏജന്റുമാർ വഴി ക്രമീകരിച്ച വിസ ഉപയോഗിച്ച് ജ്യോതി മൽഹോത്ര ആദ്യമായി പാകിസ്ഥാൻ സന്ദർശിച്ചത്. ഈ സമയത്ത് ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായ ഡാനിഷ് എന്ന എഹ്സാൻ-ഉർ-റഹീമുമായി അവർ ബന്ധപ്പെട്ടു. പിന്നീട് റഹീമുമായി അടുത്ത ബന്ധം വളർത്തിയെടുക്കുകയും അദ്ദേഹം അവളെ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

ഇന്ത്യയിലേക്ക് മടങ്ങിയതിനു ശേഷവും ജ്യോതി മൽഹോത്ര ഈ രഹസ്യാന്വേഷണ ഏജൻസി അംഗങ്ങളുമായി ബന്ധം പുലർത്തിയിരുന്നുവെന്നും ഹരിയാനയിലും പഞ്ചാബിലും വ്യാപിച്ചുകിടക്കുന്ന ചാരവൃത്തി ശൃംഖലയുടെ ഭാഗമായി ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങളുടെയും സ്ഥലങ്ങളുടെയും വിശദാംശങ്ങൾ പങ്കുവെച്ചതായും ആരോപിക്കപ്പെടുന്നു. അവർ രണ്ടുതവണ പാകിസ്ഥാൻ സന്ദർശിച്ചതായും റഹീമിന്റെ കൂട്ടാളിയായ അലി അഹ്‌വാൻ അവിടെ ആതിഥേയത്വം വഹിച്ചതായും റിപ്പോർട്ടുണ്ട്. 2024-ൽ, അവർ കശ്മീരിലേക്ക് യാത്ര ചെയ്യുകയും ദാൽ തടാകത്തിൽ നിന്നും ശ്രീനഗർ-ബനിഹാൽ റെയിൽവേ റൂട്ടിൽ നിന്നുമുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഒരു പാകിസ്ഥാൻ പ്രവർത്തകനുമായി അവർക്ക് അടുത്ത ബന്ധമുണ്ടെന്നും ഇന്തോനേഷ്യയിലെ ബാലിയിലേക്ക് അയാളെ അനുഗമിച്ചിട്ടുണ്ടെന്നും അന്വേഷകർ അവകാശപ്പെടുന്നു.

നിലവിൽ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിലുള്ള ഹരിയാന വ്ലോഗറെ എൻഐഎ, ഐബി, ഹരിയാന പോലീസ് എന്നിവരുടെ സംയുക്ത സംഘം ചോദ്യം ചെയ്തുവരികയാണ്. അവർ ഒളിച്ചോട്ടം നടത്തുകയും അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് വൃത്തങ്ങൾ അറിയിച്ചു.

പഹൽഗാം ആക്രമണത്തെത്തുടർന്നുണ്ടായ സംഘർഷങ്ങൾക്കിടയിൽ മെയ് 13 ന് ഇന്ത്യ പുറത്താക്കിയ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായ എഹ്സാൻ ദാർ എന്ന ഡാനിഷുമായുള്ള വ്യക്തിപരമായ ബന്ധം മൽഹോത്ര തുടക്കത്തിൽ നിഷേധിച്ചിരുന്നു.

ഡാനിഷുമായുള്ള രണ്ട് ചാറ്റുകൾ പോലും അവർ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്ന് മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് വ്യക്തമായി. പാകിസ്ഥാൻ ഏജന്റുമാരിൽ നിന്ന് അവർക്ക് ലഭിച്ച രഹസ്യ വിവരങ്ങളും നിർദ്ദേശങ്ങളും ഈ ചാറ്റുകളിൽ ഉൾപ്പെട്ടിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.

ജ്യോതിയുടെ ഇൻസ്റ്റഗ്രാം ഹാൻഡിലായ ‘travelwithjo1’ 1.37 ലക്ഷം ആളുകളാണ് ഫോളോ ചെയ്തിരുന്നത്. ബൈക്ക് റൈഡിങ്, സോളോ ട്രാവൽ എന്നിവയിൽ അതീവ താല്പര്യമുള്ള വ്യക്തിയാണിവർ. ഇന്ത്യയിലും പാകിസ്ഥാൻ, ഭൂട്ടാൻ, ഇന്തോനീഷ്യ, ചൈന എന്നിവിടങ്ങളിലും നിരവധി യാത്രകൾ ഇവർ നടത്തിയിട്ടുണ്ട്. രണ്ട് തവണ പാകിസ്ഥാൻ സന്ദർശിച്ച ജ്യോതിയുടെ ആ രാജ്യത്ത് നിന്നുള്ള കണ്ടന്റുകളും അവയുടെ സ്വഭാവവുമാണ് ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചത്.

Latest News