2025ല്‍ പതിമൂന്ന് റോക്കറ്റുകൾ വിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഐഎസ്‌ആര്‍ഒ ചെയര്‍മാൻ വി നാരായണൻ. പിഎസ്എൽവി സി-61 റോക്കറ്റ് വിക്ഷേപണത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പത്ര സമ്മേളനത്തിലാണ് ഈക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ 101-ാമത്തെ റോക്കറ്റ് പരാജയപ്പെട്ടുവെന്നും റോക്കറ്റിൻ്റെ പരാജയത്തെക്കുറിച്ച് അന്വേഷിക്കാൻ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും വി നാരായണൻ വിശദീകരിച്ചു.
ദേശീയ സുരക്ഷ, ദുരന്തനിവാരണം, കാലാവസ്ഥാ പ്രവചനം, വന നിരീക്ഷണം, നഗരാസൂത്രണം, കൃഷി എന്നീ പദ്ധതികൾക്കായി തയാറാക്കിയ പിഎസ്എൽവി സി-61 റോക്കറ്റാണ് പരാജയപ്പെട്ടത്.
ഒരു റോക്കറ്റ് വിക്ഷേപിക്കുന്നത് നാല് ഘട്ടമായാണ്. സാധാരണയായി നാല് ഘട്ടങ്ങളും വിജയകരമായാലെ റോക്കറ്റ് വിക്ഷേപിക്കാനാകൂ. ആദ്യ രണ്ട് ഘട്ടങ്ങൾ വിജയകരമായി പ്രവർത്തിച്ചെങ്കിലും, മൂന്നാം ഘട്ടത്തിൽ ചെറിയ തകരാറും സാങ്കേതികപ്പിഴവുമുണ്ടായതിനാല്‍ റോക്കറ്റ് വിക്ഷേപണം സാധ്യമായില്ലെന്നും റോക്കറ്റിന്‍റെ പരാജയത്തെക്കുറിച്ച് അന്വേഷിക്കാൻ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ഐഎസ്‌ആര്‍ഒ മേധാവി പറഞ്ഞു.
“ഇതുമായി ബന്ധപ്പെട്ട് പഠനങ്ങളും യോഗങ്ങളും നടക്കുന്നുണ്ട്. കാരണങ്ങൾ കണ്ടെത്തുകയും അടുത്ത തവണ ഇത് സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും” ഐ.എസ്.ആർ.ഒ മേധാവി കൂട്ടിച്ചേര്‍ത്തു. തുടർച്ചയായി 13 റോക്കറ്റുകൾ വിക്ഷേപിക്കുമെന്നും ജനങ്ങൾക്ക് സന്തോഷത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാനാകുന്ന തരത്തിൽ ഐഎസ്‌ആര്‍ഒ എല്ലാത്തരം പ്രവർത്തനങ്ങളും ചെയ്യുമെന്ന് വി നാരായൺ പറഞ്ഞു. ഇന്ത്യയുടെ സുരക്ഷയ്ക്കായി ബഹിരാകാശ മേഖലയുടെ സാധ്യതയെയും ഐഎസ്‌ആര്‍ഒ പരിഗണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.