കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍ എങ്ങനെയാണ് തീപിടിത്തം ഉണ്ടായതെന്ന് ഇതുവരെയും കണ്ടെത്താനാകാതെ അധികൃതര്‍. തീപിടിത്തതില്‍ കെട്ടിട ഉടമയ്ക്കാണ് പൂര്‍ണമായ ഉത്തരവാദിത്ത്വം എന്നാണ് കോര്‍പറേഷന്റെ നിലവിലെ നിലപാട്. കെട്ടിടത്തിലെ സുരക്ഷ ഉറപ്പാക്കേണ്ടത് കെട്ടിട ഉടമയുടെ ഉത്തരവാദിത്ത്വമെന്നാണ് മേയര്‍ ബീന ഫിലിപ്പ് പറയുന്നത്.
മേയര്‍ ബീന ഫിലിപ്പിന്റെ വാക്കുകള്‍…
”40 വര്‍ഷം മുമ്പുളള കെട്ടിടമാണ് സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടത് കച്ചവടക്കാരാണ്. തീപിടിത്തതില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഫോറന്‌സിക് പരിശോധന വേണം, ഇലക്ട്രിക് ഇന്‍സ്‌പെക്ട്രേറ്റ് പരിശോധിക്കണം, ഫയര്‍ ആന്‍ഡ് സേഫ്റ്റി പരിശോധിക്കണം, ഇതെല്ലാം നടക്കുന്നതെ ഉളളൂ. ഇതിന്റെ ഒന്നും റിസള്‍റ്റ് നമ്മുക്ക് ലഭിച്ചിട്ടില്ല. ഇതൊക്കെ കിട്ടിയാല്‍ മാത്രമേ എന്താണ് അതിന്റെ കാരണമെന്ന് പറയാന്‍ കഴിയൂ. കോര്‍പറേഷന്റെ ഭാഗത്തെ വീഴ്ചയെന്തെന്ന് പറയാന്‍ പറ്റു. ഇതൊക്കെ അന്വേഷിച്ചു കൊണ്ട് ഒരു പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതുണ്ട്”.
അതേസമയം തീപിടിത്തതില്‍ അനാസഥയുണ്ടെന്ന് ചൂണ്ടിക്കാട്ടി മേയറുടെ ചേമ്പറിന് മുന്നില്‍ യൂത്ത് ലീഗ് പ്രതിഷേധം നടത്തി. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.
മെയ് 18ന് വൈകുന്നേരമാണ് കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍ തീപിടിത്തം ഉണ്ടായത്. വസ്ത്രവ്യാപാര ശാലയിലാണ് തീപിടുത്തം ഉണ്ടായത്. കട തുറന്നുപ്രവര്‍ത്തിക്കുകയായിരുന്നു അതിനാല്‍ നിരവധി ആളുകള്‍ കെട്ടിടത്തിലുണ്ടായിരുന്നു. തീ പടരാന്‍ തുടങ്ങിയതോടെ എല്ലാവരെയും ഒഴിപ്പിക്കുകയായിരുന്നു. സ്‌കൂള്‍ തുറക്കല്‍ പ്രമാണിച്ച് യൂണിഫോം തുണികളൊക്കെ ഉണ്ടായിരുന്നു. കെട്ടിടത്തിനകത്തുളള വസ്ത്രങ്ങള്‍ മുഴുവന്‍ കത്തി താഴെക്ക് വീണു. തീ മണിക്കൂറുകളോളം കത്തിയതോടെ നഗരത്തില്‍ മുഴുവന്‍ കറുത്ത പുക പടര്‍ന്നു. തീപിടത്തതില്‍ ആര്‍ക്കും പരിക്കേറ്റില്ല എന്നത് ആശ്വാസകരമായ വാര്‍ത്തയായിരുന്നു.
തീപിടിത്തമുണ്ടായി അഞ്ചുമണിക്കൂര്‍ കഴിഞ്ഞാണ് തീ നിയന്ത്രണവിധേയമാക്കാനായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുളള പ്രത്യേക ഫയര്‍ എഞ്ചിനടക്കം സ്ഥലത്തെത്തിച്ചിരുന്നു. ഇതുള്‍പ്പെടെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 14 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തിയിരുന്നു.