സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളത്ത് നടക്കുന്ന എന്‍റെ കേരളം 2025 പ്രദര്‍ശന വിപണന മേളയില്‍ ശ്രദ്ധേയമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ്യുഎം) പവലിയന്‍. നിര്‍മ്മിതബുദ്ധി, റോബോട്ടിക്സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളെ പൊതുജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കുന്നതാണ് പവലിയന്‍. മറൈന്‍ ഡ്രൈവില്‍ ഒരുക്കിയിട്ടുള്ള പ്രദര്‍ശന മേളയിലെ കെഎസ്യുഎം പവലിയന്‍ മേയ് 23 വരെ സന്ദര്‍ശിക്കാം.
ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ നേരിട്ടറിയാന്‍ സാധിക്കുന്ന എക്സ്പീരിയന്‍സ് സെന്‍ററുകളായാണ് കെഎസ്യുഎമ്മിന്‍റെ പവലിയന്‍ പ്രവര്‍ത്തിക്കുന്നത്. നിര്‍മ്മിത ബുദ്ധി, ഓഗ്മെന്‍റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി, ത്രിഡി പ്രിന്‍റിംഗ്, ഡ്രോണ്‍, റോബോട്ടിക്സ്, ഐഒടി, തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രദര്‍ശനമാണ് നടത്തുന്നത്. ‘ആള്‍ ഫോര്‍ കോമണ്‍ പീപ്പിള്‍’ എന്ന ആശയത്തിലാണ് പവലിയന്‍ ഒരുക്കിയിട്ടുള്ളത്.
ഭാവിയിലെ സാങ്കേതികവിദ്യകളുടെ പരിവര്‍ത്തനാത്മകമായ സ്വാധീനത്തെക്കുറിച്ച് അറിവ് പകരുന്നതാണ് ഈ പവലിയനെന്ന് കെഎസ്യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. കേരളം ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പുകളുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും പരിഹാരങ്ങളും തിരിച്ചറിയാനും നിത്യജീവിതത്തില്‍ അവയുടെ പ്രയോജനത്തെക്കുറിച്ച് മനസ്സിലാക്കാനും പ്രദര്‍ശനം സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബ്ദത്തിലൂടെ വീഡിയോ നിര്‍മ്മാണം, ശബ്ദത്തിലൂടെ ടാക്സി വിളിക്കല്‍, പുതുതലമുറ വാക്കുകളുടെ വിശകലനം, എആര്‍ വിആര്‍ കണ്ണടകള്‍, ഗെയിമുകള്‍, യുണീക് വേള്‍ഡ് റോബോട്ടിക്സിന്‍റെ ബെന്‍ എന്ന റോബോട്ട് നായ, മേക്കര്‍ ലാബ് എഡ്യൂടെക് വികസിപ്പിച്ചെടുത്ത രാജ്യത്തെ ആദ്യ ഹ്യുമനോയിഡ് എഐ റോബോട്ടിക് ടീച്ചറായ ഐറിസ്, മിനി ബോട്ട്, കൃഷി, ഉദ്യാനപാലനം എന്നിവ സാധ്യമാക്കുന്ന ഐഒടി സംവിധാനം, എഐ കാരിക്കേച്ചര്‍, ഫോട്ടോയിലൂടെ മുഖം തിരിച്ചറിയുന്ന സംവിധാനം തുടങ്ങിയ സാങ്കേതികവിദ്യകളെ പ്രദര്‍ശനത്തില്‍ നേരിട്ടറിയാം.
ഇടുക്കി, കോട്ടയം, ആലപ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നടന്ന എന്‍റെ കേരളം 2025 പ്രദര്‍ശന വിപണന മേളയില്‍ കെഎസ്യുഎമ്മിന്‍റെ പവലിയനുകള്‍ വിവിധ പുരസ്ക്കാരങ്ങള്‍ നേടി.
STORY HIGHLIGHT: ente keralam