താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാ ഫലം തടഞ്ഞു വെച്ചതിനെ ചോദ്യം ചെയ്ത് ഹൈക്കോടതി. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മിൽ ബന്ധമില്ലല്ലോ എന്നും വിദ്യാർഥികളുടെ പരീക്ഷാഫലം എങ്ങനെയാണു തടഞ്ഞുവയ്ക്കാൻ സാധിക്കുന്നതെന്നും കോടതി ചോദിച്ചു. നാളെ വിദ്യാർഥികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.
വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചിരിക്കുകയാണെന്ന് പ്രതിഭാഗം ചൂണ്ടി കാണിച്ചപ്പോഴാണ് വിദ്യാർഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തത് എന്ത് അധികാരത്തിന്റെ പേരിലാണെന്നു ഹൈക്കോടതി ചോദിച്ചത്. സംഭവത്തിന്റെ കേസ് ഡയറി ഉൾപ്പെടെയുള്ളവ ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത നടപടി ആശ്ചര്യകരമാണെന്നും. രാജ്യത്തെ ക്രിമിനൽ നിയമ സംവിധാനം ലക്ഷ്യമിടുന്നത് കുറ്റവാളികളുടെ പരിവർത്തനമാണ്. ഒരു കുട്ടി കുറ്റകൃത്യം ചെയ്തെന്ന പേരിൽ പരീക്ഷ എഴുതുന്നതിൽനിന്നു വിലക്കാനോ പരീക്ഷാഫലം തടഞ്ഞുവയ്ക്കാനോ സാധിക്കുമോ? കുറ്റകൃത്യത്തിൽ ഉൾപ്പെട്ടു എന്ന പേരിൽ പരീക്ഷയെഴുതുന്നത് വിലക്കാൻ അധികാരമുണ്ടോയെന്നും കോടതി ചോദിച്ചു. നേരത്തെ വിദ്യാർഥികളെ പരീക്ഷ എഴുതിക്കരുത് എന്ന് വ്യാപകമായി ആവശ്യം ഉയർന്നിരുന്നു. ജാമ്യത്തിൽ വിട്ടാൽ ജീവൻ അപകടത്തിലാകുമെന്നും വിലയിരുത്തി നേരത്തേ ഹൈക്കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
STORY HIGHLIGHT: shahbaz murder case