പാകിസ്താന്‍ കരസേന മേധാവി അസിം മുനീറിന് സ്ഥാനക്കയറ്റം. പാക് സൈന്യത്തിലെ പരമോന്നത സൈനിക റാങ്കായ ഫീല്‍ഡ് മാര്‍ഷല്‍ എന്ന പദവിയിലേക്ക് അസിം മുനീറിനെ ഉയര്‍ത്താനുളള നിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യാ-പാകിസ്താന്‍ സംഘര്‍ഷമുണ്ടായി ദിവസങ്ങള്‍ക്കുളളിലാണ് സ്ഥാനക്കയറ്റം എന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി, പ്രസിഡന്റ്, പ്രതിരോധ മന്ത്രാലയം എന്നിവരുടെ സംയുക്ത ശുപാര്‍ശയോടെയാണ് ഫീല്‍ഡ് മാര്‍ഷലിനെ നിയമിക്കുന്നതിനുളള പ്രക്രിയ നടക്കുന്നത്. പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സി തലവനായിരുന്നു അസിം മുനീര്‍. 2022-ലാണ് അദ്ദേഹത്തെ സൈനിക മേധാവിയായി നിയമിച്ചത്.
പാകിസ്താന്‍ സൈന്യത്തിലെ പരമോന്നത സൈനിക റാങ്കാണ് ഫീല്‍ഡ് മാര്‍ഷല്‍. ജനറല്‍ പദവിക്ക് മുകളില്‍, നാവികസേനയിലെ അഡ്മിറല്‍ ഓഫ് ദി ഫ്‌ളീറ്റിനും വ്യോമസേനയിലെ മാര്‍ഷല്‍ ഓഫ് ദി എയര്‍ഫോഴ്‌സിനും തുല്യമായ പദവിയാണ് ഫീല്‍ഡ് മാര്‍ഷല്‍. പാക് സായുധ സേനയിലെ തന്നെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്. എന്നാല്‍ ഇത് ഒരു ഓണററി റാങ്കാണ്. അതുകൊണ്ടുതന്നെ അധിക അധികാരമോ ശമ്പളമോ ഒന്നും ലഭിക്കില്ല. ജനറല്‍ അയൂബ്ഖാനാണ് പാകിസ്താന്റെ ആദ്യ ഫീല്‍ഡ് മാര്‍ഷല്‍. ഫീല്‍ഡ് മാര്‍ഷലായി അയൂബ്ഖാന്‍ സ്വയം പ്രഖ്യാപിക്കുകയായിരുന്നു. സാം മനേക് ഷായും കെ എം കരിയപ്പയുമാണ് ഇന്ത്യയുടെ ഫീല്‍ഡ് മാര്‍ഷല്‍മാര്‍.
റാവല്‍പിണ്ടിയിലെ പളളി ഇമാമും സ്‌കൂള്‍ അധ്യാപകനുമായ സെയ്ദ് സര്‍വാര്‍ മുനീറിന്റെ മകനാണ് അസിം മുനീര്‍. ഇയാള്‍ കടുത്ത യാഥാസ്ഥിതികനാണ്. ജെയ്‌ഷെ മുഹമ്മദ് ഉള്‍പ്പെടെയുളള കടുത്ത ഇന്ത്യ വിരുദ്ധ ഭീകരസംഘങ്ങളെ കൂട്ടുപിടിച്ചാണ് അസിം മുനീര്‍ പാകിസ്താന്റെ കടിഞ്ഞാണ്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചത്. രാഷ്ട്രീയ നേതൃത്വത്തിന് ശക്തിയില്ലാത്ത പാകിസ്താനില്‍ സൈനികമേധാവിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന ആക്ഷേപമുണ്ട്. യുദ്ധവെറിയനായ പാക് സൈനിക മേധാവിയെ സ്ഥാനത്തു നിന്നു നീക്കാന്‍ നേരത്തെ പാകിസ്താനില്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
STORY HIGHLIGHTS : Asim munir to become field marshal pakistan armys top rank