Kerala

തൃശൂർ ചാവക്കാട് ദേശീയപാതയിൽ വിള്ളൽ; ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ ടാറിട്ട് വിള്ളൽ അടച്ചു

തൃശൂർ: മലപ്പുറം കൂരിയാടിന് പിന്നാലെ തൃശൂരിലെ ചാവക്കാടും ദേശീയപാത 66 ൽ വിള്ളൽ. മണത്തലയില്‍ നിർമ്മാണം പുരോഗമിക്കുന്ന മേൽപ്പാലത്തിന് മുകളിലാണ് റോഡ് വിണ്ടുകീറിയത്. സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിച്ചതോടെ രാത്രി തന്നെ അധികൃത സ്ഥലത്തെത്തി ടാറിട്ടു വിള്ളൽ അടച്ചു. മണത്തല വിശ്വനാഥ ക്ഷേത്രത്തിന് മുൻപിലെ മേൽപ്പാലത്തിനു മുകളിലെ ടാറിങ് പൂർത്തിയായ റോഡ് അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളലുള്ളത്. ഇതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ രാത്രിയെത്തിയാണ് അധികൃതര്‍ വിള്ളലടച്ചത്.

ഇന്നലെ വൈകുന്നേരമാണ് പാലത്തിൽ വിള്ളൽ കാണുന്നത്. തുടർന്ന് റോ‍ഡിലെ വിള്ളലിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നിർമാണ പ്രവർത്തികൾ തുടർന്നുകൊണ്ടിരിക്കുന്ന മേൽപ്പാലത്തിലാണ് വിള്ളൽ കണ്ടെത്തിയത്. നിലവിൽ ഈ ഭാഗം ഗതാഗത്തിന് തുറന്നു കൊടുത്തിട്ടില്ല. വിള്ളലിലൂടെ വെള്ളം ഇറങ്ങി മലപ്പുറത്ത് ഉണ്ടായത് പോലെ പാലം തകരുമോ എന്ന ഭീതിയിലാണ് നാട്ടുകാർ.

അതേസമയം, മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞു താഴ്ന്നത് പഠിക്കാൻ എന്‍എച്ച്എഐ വിദഗ്ധസംഘം ഇന്ന് കൂരിയാട് എത്തും. മൂന്നംഗസംഘമാ യിരിക്കും പ്രത്യേക പരിശോധന നടത്തുക. സംഘം നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ആയിരിക്കും ദേശീയപാത അതോറിറ്റിയുടെ തുടർനടപടി. നിർമ്മാണത്തിൽ അശാസ്ത്രീയത ഇല്ലെന്നാണ് എന്‍എച്ച്എഐയുടെ പ്രാഥമിക നിഗമനം. സംസ്ഥാന പൊതുമരാമത്ത് വകുപ്പും അപകട സ്ഥലത്ത് പരിശോധന നടത്തും. ദേശീയപാത അതോറിറ്റിയോട് വിവരങ്ങൾ തേടാനും മന്ത്രി പൊതുമരാമത്തു സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.